ബിജെപിക്കെതിരെ നിരന്തരം പോരാടും ; അരുന്ധതി റോയ് സംസാരിക്കുന്നു



ഇന്ത്യയുടെ സമകാലികരാഷ്ട്രീയത്തെക്കുറിച്ച്, സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ് ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു വെെവിധ്യങ്ങളെ ആഘോഷമാക്കുന്ന വെെഎൽഎഫിനെക്കുറിച്ച് ? ഇത്തരം വേദികൾ വലിയ പ്രചോദനമാണ്‌. യുവാക്കളും വിദ്യാർഥികളും അധ്യാപകരും കലാപ്രവർത്തകരുമൊക്കെ സംഘപരിവാറിനെതിരെ മുന്നോട്ടുവരേണ്ടുന്ന, അപകടകരമായ സ്ഥിതിയാണുള്ളത്. അതുകൊണ്ടാണ് ബിജെപിക്കെതിരെ എവിടെയും സംസാരിക്കാൻ ഞാൻ തയ്യാറാകുന്നത്‌. സംഘപരിവാറിനെതിരെ വലിയ പ്രതിരോധം തീർക്കുന്ന കേരളത്തെക്കുറിച്ച്‌ ? ആർഎസ്‌എസിനെ എന്നും പുറത്തുനിർത്തിയ ചരിത്രമാണ്‌ കേരളത്തിന്റേത്‌. ഇവിടെ ജനമനസ്സിൽ സംഘപരിവാറിനെതിരെ ജ്വലിക്കുന്നൊരു അഗ്നിയുണ്ട്‌. തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ "ബിജെപിക്ക്‌ ആനമുട്ട' എന്നൊരു സന്ദേശം സഹോദരന്റെ ഭാര്യ അയച്ചിരുന്നു. ബിജെപിക്ക്‌ എക്കാലവും ലഭിക്കേണ്ടത് അതാണ്. ദക്ഷിണേന്ത്യക്കൊപ്പം ബിഹാർ, പഞ്ചാബ് എന്നിവിടങ്ങളിലും ബിജെപിക്കെതിരെ ജനവികാരമുയരുന്നത് പ്രതീക്ഷയാണ്. കർണാടകത്തിലെ ബിജെപിയുടെ തോൽവിയെക്കുറിച്ച്‌ ? കർണാടകത്തിലെ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ഉറങ്ങിയിട്ടില്ല. അത്രയും സന്തോഷമായിരുന്നു. കർണാടകത്തിൽനിന്ന് സന്തോഷമെത്തുമ്പോൾ മണിപ്പുർ കത്തുകയാണ്‌. അവിടെ പരസ്‌പരം പിന്തുണച്ചിരുന്ന പല ഗോത്രവിഭാഗങ്ങളെയും സംഘപരിവാർ വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം കുത്തിവച്ച്‌ ഭിന്നിപ്പിച്ചു.  കേന്ദ്രത്തിനെതിരെ സത്യപാൽ മാലിക് ഉൾപ്പെടെയുള്ളവരുടെ ഗുരുതര വെളിപ്പെടുത്തലുകൾ വന്നല്ലോ ?   മൃതദേഹങ്ങൾക്കുമുകളിൽ കെട്ടിപ്പൊക്കിയ രാഷ്‌ട്രീയപാർടിയാണ്‌ ബിജെപി. സത്യപാൽ മാലിക് പറഞ്ഞത്‌ ഗൗരവമുള്ളതാണ്‌. കശ്‌മീരിൽ ഞാൻ ഒരുപാടുതവണ പോയിട്ടുണ്ട്‌. സൈനികവിന്യാസത്തെക്കുറിച്ച്‌ നന്നായി അറിയാം. ഇത്രയധികം സ്‌ഫോടകവസ്തുക്കൾ എത്തിച്ച വിവരം അറിഞ്ഞില്ലെന്നത്‌ വിശ്വസിക്കാനാകില്ല. ഈ ദുരന്തം മുൻനിർത്തി തൊട്ടടുത്ത ദിവസം വോട്ട്‌ ചോദിച്ചിറങ്ങുകയാണ്‌ മോദി ചെയ്തത്‌. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ? കോൺഗ്രസിന്റെ കാലംമുതൽ ചർച്ചയാകുന്ന വിഷയമാണിത്‌. നിലവിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്‌ക്കുന്നവരിൽ പലർക്കും വലിയ പദവികൾ നൽകുകയാണ്‌. ഒരിക്കൽ ഈ ഇരുണ്ട ടണലിനകത്തുനിന്ന്‌ നാം പുറത്തുവരും. അന്ന് രാജ്യത്തോട്‌ ചെയ്തതോർത്ത്‌ ചില മാധ്യമങ്ങൾ നാണിക്കും. ഉത്തരേന്ത്യയിൽ സ്ഥിതി കൂടുതൽ സങ്കീർണമാണ്‌. അവിടെ നിയമവും കുറ്റവാളികൾക്കൊപ്പമാണ്‌. കുറ്റവാളികൾ പുറത്തിറങ്ങുന്നത്‌ ആഘോഷിക്കാനാണ്‌. നുണകൾ വിശ്വസിക്കാൻ ജനം തയ്യാറാകുന്നതും പേടിപ്പെടുത്തുന്നതാണ്‌. ഇതിനെയെല്ലാം മറികടന്ന്‌ പ്രതിരോധം തീർക്കുകയെന്ന വലിയ ദൗത്യമാണ്‌ നമുക്കു മുന്നിലുള്ളത്‌. Read on deshabhimani.com

Related News