അരിക്കൊമ്പന്റെ കേരള പ്രവേശനം ശ്രമകരം; നിരീക്ഷണസംവിധാനം തേക്കടിയിൽ



തിരുവനന്തപുരം> തമിഴ്‌നാട്‌ മയക്കുവെടിവച്ച് പിടിച്ച അരിക്കൊമ്പന്റെ കേരള പ്രവേശനം ശ്രമകരമാണെന്ന് രണ്ടു സംസ്ഥാനത്തെയും വന്യജീവിവകുപ്പ്‌ അധികൃതർ പറഞ്ഞു. ഉടൻ കേരളംതേടി പുറപ്പെടാൻ ആനയുടെ ആരോഗ്യം അനുവദിക്കില്ല. ആരോഗ്യം വീണ്ടെടുക്കുമ്പോഴേക്കും പുതിയ വാസസ്ഥലത്തോട്‌ ഇണങ്ങിച്ചേരാനാണ്‌ സാധ്യത കൂടുതലെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്തിനോട്‌ അതിർത്തി പങ്കിടുന്ന വനമേഖലയായ അപ്പർ കോതയാറില്‍നിന്ന് നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക്‌ 30 കിലോമീറ്ററോളം ദൂരമാണുള്ളത്‌. കീഴ്‌ക്കാംതൂക്കായ മലനിരകൾ, നിരവധി ജലാശയങ്ങൾ എന്നിവ കടന്ന്‌ ആനനിരത്തി എന്ന കേരള– -തമിഴ്‌നാട്‌ വനാതിർത്തിവരെ സഞ്ചരിച്ചാൽ മാത്രമേ അരിക്കൊമ്പന്‌ പേപ്പാറ റെയ്‌ഞ്ചിലേക്കോ നെയ്യാർ റെയ്‌ഞ്ചിലേക്കോ എത്താനാകൂ. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ പാണ്ടിപ്പത്ത്‌, ആനനിരത്തി എന്നിവിടങ്ങളിലൂടെയാണ്‌ ആനകൾ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും സഞ്ചരിക്കുന്നത്‌. അപ്പർ കോതയാർ–-കേരള അതിർത്തിയിൽ ജനവാസമേഖല കുറവാണെന്നതും ഇരു സംസ്ഥാനത്തിനും ആശ്വാസമാണ്‌. റേഡിയോ കോളർ സിഗ്നലിലൂടെ ആനയുടെ നീക്കങ്ങൾ കേരളവും നിരീക്ഷിക്കുന്നുണ്ട്. തേക്കടി വന്യജീവി സങ്കേതത്തിലാണ്‌ കേരളത്തിന്റെ നിരീക്ഷണ സംവിധാനമുള്ളത്‌. അരിക്കൊമ്പൻ തിരുവനന്തപുരത്തിനോട്‌ അടുത്ത വനമേഖലയിലാണുള്ളതെന്നും നെയ്യാർ, പേപ്പാറ പ്രദേശങ്ങളിലേക്ക്‌ വേഗത്തിലെത്തുമെന്നും ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത്‌ തെറ്റാണെന്നാണ്‌ വന്യജീവിവകുപ്പ്‌ അധികൃതർ പറയുന്നത്‌. Read on deshabhimani.com

Related News