അരിക്കൊമ്പന്‌ റേഡിയോ കോളർ ഘടിപ്പിക്കണമെന്ന്‌ കോടതി; മാറ്റിപ്പാർപ്പിക്കുന്നത് വിദഗ്‌ധ സമിതി തീരുമാനിക്കും



  കൊച്ചി ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ  അരിക്കൊമ്പൻ എന്ന ആനയെ  പിടികൂടി കൂട്ടിലടയ്‌ക്കുന്നത്‌ ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന്‌ ഹൈക്കോടതി. ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച്‌ കാട്ടിലേക്ക്‌ വിടണം. ഇതിനായി മയക്കുവെടി വെയ്‌ക്കാം. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും കുങ്കിയാനകളും പ്രദേശത്ത്‌ തുടരണമെന്നും ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ്  എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ നിർദേശിച്ചു. അരിക്കൊമ്പനെ പിടികൂടുന്നതിനു ബദലുണ്ടോയെന്ന്‌ പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ അഞ്ചംഗ വിദഗ്‌ധസമിതിക്ക് ഹൈക്കോടതി രൂപം നൽകി. അരിക്കൊമ്പനെ  പിടികൂടി കോടനാട്‌ ആനക്കൂട്ടിലടയ്‌ക്കുന്നതിനെതിരെ നൽകിയ ഹർജികൾ  പരിഗണിച്ചാണ്‌  വിധി. അരിക്കൊമ്പന്റെ വിവരങ്ങൾ മൂന്നുദിവസത്തിനകം വിദഗ്‌ധസമിതിക്ക്കൈ മാറണം. പ്രദേശവാസികളുടെ അഭിപ്രായം ആരായണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്നും  ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ എസ് അരുൺ, പ്രൊജക്ട്‌ ടൈഗർ സിസിഎഫ് എച്ച്‌  പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനറിയനുമായ ഡോ. എൻ വി കെ അഷ്‌റഫ്, കേരള ഫോറസ്‌റ്റ്‌ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്‌ മുൻ ഡയറക്ടർ ഡോ. പി എസ് ഈസ,  അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ്  അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ടിനായി ഹർജി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. ആനയുടെ ആവാസമേഖലയിൽ ആദിവാസികൾക്ക്‌  ഭൂമി അനുവദിച്ചതിൽ വീഴ്ചയുണ്ടായോയെന്ന്‌ പരിശോധിക്കുമെന്ന്‌ കോടതി വാക്കാൽ പറഞ്ഞു.  അരിക്കൊമ്പൻ അപകടകാരിയാണെന്നും പിടികൂടി ആനക്കൂട്ടിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും വ്യക്തമാക്കി പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ഗംഗ സിങ് സത്യവാങ്മൂലവും നൽകി. Read on deshabhimani.com

Related News