അരിക്കൊമ്പന്‌ രണ്ടുദിവസം ചികിത്സ ; തുറന്നുവിടുന്നത്‌ വൈകും ,ചികിത്സ അപ്പർ കോഡയാറിൽ

മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ 
മണിമുത്താറിലേക്ക് കൊണ്ടുപോകുന്നു


കുമളി രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന്‌ ആരോഗ്യപ്രശ്‌നമെന്ന്‌ കണ്ടെത്തൽ. ഇതേതുടർന്ന്‌ രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ തീരുമാനിച്ചു. വെളുപ്പിന്‌ തേനിക്ക്‌ സമീപമുള്ള  പൂശാലംപെട്ടിക്ക് സമീപം ജനവാസമേഖലയിൽനിന്നാണ്‌  മയക്കുവെടിവച്ച്‌ പിടികൂടിയത്‌.  തുടർന്ന്‌ വനത്തിൽ തുറന്നുവിടാനായി 275 കിലോമീറ്റർ അകലെയുള്ള തിരുനെൽവേലി ജില്ലയിലെ കളക്കാട്‌ മണിമുത്താർ മാഞ്ചോലയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ്‌ ആരോഗ്യനില തൃപ്‌തികരമല്ലെന്ന്‌ കണ്ടെത്തിയത്‌. അപ്പർ കോഡയാറിലെത്തിച്ച്‌ ചികിത്സ നൽകാനാണ്‌ തീരുമാനം. തുമ്പിക്കൈയ്‌ക്ക്‌ ഏറ്റ മുറിവും രണ്ടുതവണ മയക്കുവെടിയേറ്റതും ലോറിയിയിലെ നീണ്ട യാത്രയുമാണ്‌ അരിക്കൊമ്പനെ ക്ഷീണിതനാക്കിയത്‌. ഈ അവസ്ഥയിൽ തുറന്നുവിട്ടാൽ അതീജീവിക്കില്ലെന്നും അഭിപ്രായമുയർന്നു. ഇതിനിടെ അരിക്കൊമ്പനെ വനത്തിലേക്ക്‌ തുറന്നുവിടുന്നത്‌ തമിഴ്‌നാട്‌ ഹൈക്കോടതിയുടെ മധുര ബെഞ്ച്‌ തടഞ്ഞിരുന്നു. തിങ്കൾ പുലർച്ചെ 12.30 ഓടെ ആനയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ്‌ വിവരം പുറത്തുവിട്ടത്.  ശ്രീവിള്ളിപുത്തൂർ മേഘമല വനമേഖലയിലെ വെള്ളിമലയിൽ തുറന്നുവിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.  ചിന്നക്കനാൽ മേഖലയിൽ ഭീതിവിതച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് പിടികൂടി മെയ് ഒന്നിനാണ് തേക്കടി വനമേഖലയിൽ തുറന്നുവിട്ടത്. 27ന് ആന കമ്പം നഗരത്തിൽ പ്രവേശിച്ച്‌ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരുന്നു. അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതിനെതിരെ മണിമുത്താറിലും ജനങ്ങൾ പ്രതിഷേധവുമായെത്തി. ആനയുമായി വന്ന ലോറിയും തടഞ്ഞു.   Read on deshabhimani.com

Related News