ബിജെപി കോഴക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍; മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്



തിരുവനന്തപുരം ജാമ്യമില്ലാ കുറ്റങ്ങളിൽ പ്രതികളായ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ള  നേതാക്കളെ രക്ഷിക്കാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണർ പദവി ദുരുപയോഗം ചെയ്‌തു. കേസുകളിൽ അനുകൂല ഇടപെടൽ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗവർണർ സംസ്ഥാന സർക്കാരിന്‌ കത്തെഴുതി. മുഖ്യമന്ത്രിക്ക്‌ നേരിട്ട്‌ അയച്ച അസാധാരണ കത്തിനൊപ്പം ബിജെപി നേതാക്കളുടെ നിവേദനവും ഉൾക്കൊള്ളിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലും കൊടകരയിൽ കുഴൽപ്പണ കവർച്ചാ കേസിലും പ്രതികൾക്ക്‌ സംരക്ഷണം ഒരുക്കുകയായിരുന്നു ഗവർണറുടെ ലക്ഷ്യം. തട്ടിക്കൊണ്ടുപോകൽ കേസിൽ കെ സുരേന്ദ്രനാണ്‌ ഒന്നാംപ്രതി. ബിജെപിക്കായി കൊണ്ടുവന്ന കുഴൽപ്പണമാണ്‌ കൊടകരയിൽ കവർച്ച ചെയ്‌തത്‌. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായി പത്രിക നൽകിയശേഷം പിൻവലിക്കാൻ നിർബന്ധിതനായ സുന്ദരയുടെ പരസ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ സുരേന്ദ്രൻ അടക്കം അഞ്ച്‌ ബിജെപി നേതാക്കൾക്കെതിരെ ബദിയടുക്ക പൊലീസ്‌ കേസെടുത്തത്‌. പരാജയഭീതിയിലായ സുരേന്ദ്രൻ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച്‌ ഭീഷണിപ്പെടുത്തിയും പണം നൽകിയും പത്രിക പിൻവലിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാവകുപ്പുകളാണ്‌ സുരേന്ദ്രനും പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയത്‌. ബിജെപി നേതാക്കൾക്ക്‌ നേരിട്ട്‌ പങ്കുള്ളതാണ്‌ കൊടകര കുഴൽപ്പണ കവർച്ചാ കേസ്‌. കൊടകരയിലെ ഹൈവേയിൽ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവർന്നതാണ്‌ കേസ്‌. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന എൽ ഗണേഷനും തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറി തിരൂർ സതീഷും    ഇതിൽ ഉൾപ്പെടുന്നു. ബിജെപി പ്രവർത്തകൻ ദീപക്ക്‌ കേസിൽ പ്രതിയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ചെലവഴിക്കാൻ ബംഗളൂരുവിൽനിന്ന്‌ കുഴൽപ്പണ ഏജന്റിന്റെ ഇടനിലയിലെത്തിച്ച്‌, ജില്ലകളിലേക്ക്‌ വിതരണത്തിനായി കൊണ്ടുപോകവെയാണ്‌ ആസൂത്രിത കവർച്ച നടന്നത്‌. തങ്ങളെ താറടിക്കാനും ദ്രോഹിക്കാനും സർക്കാർ ശ്രമിക്കുന്നതായി ബിജെപി നേതാക്കൾ പരാതിപ്പെടുന്നതായും ഗവർണർ കത്തിലെഴുതി. ബിജെപി നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സംസ്ഥാന സെക്രട്ടറി എസ്‌ സുരേഷ്‌, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്‌ എന്നിവർ ഒപ്പിട്ട നിവേദനവും കത്തിനൊപ്പം നൽകി.   Read on deshabhimani.com

Related News