മാധ്യമപ്രവർത്തകർ 
രാഷ്ട്രീയക്കാരാകുന്നു : ഗവർണർ



തിരുവനന്തപുരം മാധ്യമപ്രവർത്തകരാണ്‌ ഇപ്പോൾ വലിയ രാഷ്ട്രീയക്കാരെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. രാഷ്ട്രീയ പാർടിക്ക്‌ ശരിയേത്‌, തെറ്റേത്‌ എന്നതാണ്‌ അവർ നോക്കുന്നത്‌. പതിറ്റാണ്ടുകൾക്ക്‌ മുമ്പുതന്നെ, സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നൊന്നില്ലെന്ന്‌  അമേരിക്കൻ പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്‌. മാനേജർമാരും ഉടമകളുമാണ്‌ ഇപ്പോൾ എഡിറ്റർമാരെന്നും എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്‌ദീപ്‌ സർദേശായിക്ക്‌ കൈമാറി അദ്ദേഹം പറഞ്ഞു. ജനങ്ങളെ എങ്ങനെ വിഭജിക്കാനാകുമെന്നാണ്‌ ഇന്ന്‌ മാധ്യമങ്ങൾ നോക്കുന്നതെന്ന്‌ രാജ്‌ദീപ്‌ സർദേശായി പറഞ്ഞു. ന്യൂസ്‌ റൂമുകളിൽ വാർത്തയ്‌ക്കുപകരം ശബ്ദകോലാഹലമാണ്‌. സൗഹാർദത്തിന്‌ കുറച്ചു സമയവും വെറുപ്പിന്‌ അധികസമയവും നീക്കിവയ്‌ക്കുന്നു. വാർത്തയ്‌ക്കല്ല, ടിആർപി റേറ്റിങ്ങിനാണ്‌ പ്രാധാന്യം നൽകുന്നത്‌. കേരളം ഇതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. നല്ല പത്രപ്രവർത്തനത്തിന്‌ കേരളം മൂല്യം കൽപ്പിക്കുന്നുണ്ട്‌. കേരളം ഇന്ന്‌ ചിന്തിക്കുന്നതാണ്‌ നാളെ രാജ്യം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഫൗണ്ടേഷൻ പ്രസിഡന്റ്‌ പ്രഭാവർമ്മ അധ്യക്ഷനായി. നയതന്ത്ര വിദഗ്‌ധൻ ടി പി ശ്രീനിവാസൻ ‘പത്രപ്രവർത്തനവും നയതന്ത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി പി ജയിംസ്‌, മുൻ മന്ത്രി ബാബു ദിവാകരൻ, സംഗീത മധു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News