സെർച്ച്‌ കമ്മിറ്റി ചട്ടവിരുദ്ധം ; സർവകലാശാലയ്ക്ക്‌ നിയമോപദേശം ; രണ്ട് അംഗങ്ങൾമാത്രമുള്ള കമ്മിറ്റി നിലനിൽക്കില്ല



തിരുവനന്തപുരം കേരള സർവകലാശാല വൈസ്‌ചാൻസലറെ കണ്ടെത്താൻ  മൂന്നംഗ നിയമന ശുപാർശ (സെർച്ച്‌) കമ്മിറ്റിയിലേക്ക്‌ രണ്ടുപേരെ മാത്രം വച്ച്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉത്തരവിറക്കിയത്‌ ചട്ടവിരുദ്ധം. സർവകലാശാല നിയമത്തിലെ 10 (-1) പ്രകാരം രണ്ടുപേരെ മാത്രംവച്ച്‌  കമ്മിറ്റി രൂപീകരിച്ചത്‌ നിലനിൽക്കില്ല. ഇത്‌ സംബന്ധിച്ച്‌ സർവകലാശാലയ്ക്ക്‌ നിയമോപദേശം ലഭിച്ചു. തുടർനടപടികൾ സർവകലാശാലയുടെ പരിഗണനയിലാണ്‌. കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജിയെ ഗവർണറുടെ പ്രതിനിധിയായും കർണാടക കേന്ദ്രസർവകലാശാല വിസി ഡോ. ബട്ടു സത്യനാരായണയെ യുജിസി പ്രതിനിധിയായും നിയമിച്ചാണ്‌ ആഗസ്ത്‌ അഞ്ചിന്‌ ഗവർണർ ഉത്തരവിറക്കിയത്‌. കേരള സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല. മൂന്നു പ്രതിനിധികളുടെയും പേര്‌ ഉൾപ്പെടുത്തി വേണം കമ്മിറ്റി രൂപീകരിക്കാൻ. ഗവർണർ ഉത്തരവ്‌ ഇറക്കിയതിനാൽ സർവകലാശാല പ്രതിനിധിയെ തീരുമാനിച്ച്‌ ചേർക്കുന്നതും നിയമപരമല്ല. നിലവിലുള്ള ഉത്തരവ്‌ പിൻവലിച്ച്‌ മൂന്നുപേരെയും ഉൾപ്പെടുത്തി പുതിയ ഉത്തരവ്‌ ഇറക്കേണ്ടി വരും. സ്റ്റാൻഡിങ്‌ കൗൺസൽ തോമസ്‌ എബ്രഹാമാണ്‌ കേരള സർവകലാശാലയ്ക്ക്‌ നിയമോപദേശം നൽകിയത്‌. ചട്ടവിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ലെന്ന്‌ ആവർത്തിക്കുന്ന ഗവർണർതന്നെ ഇറക്കിയ നിയമവിരുദ്ധ ഉത്തരവ്‌ അസാധുവാക്കാൻ ആർക്കും കോടതിയെ സമീപിക്കാം. ചട്ടവിരുദ്ധമായ ഉത്തരവ്‌ ഇറക്കിയതിനെതിരെ സെനറ്റ്‌ പ്രമേയം പാസാക്കിയാൽ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണർ ഒഴിയേണ്ടിയും വരും. വിസിയുടെ ഒഴിവ്‌ വരുന്നത്‌ സംബന്ധിച്ച്‌ സർക്കാർ വിജ്ഞാപനം വന്നശേഷമാണ്‌ സാധാരണ നിയമന ശുപാർശ കമ്മിറ്റി രൂപീകരിക്കാറ്‌. കേരള സർവകലാശാല വൈസ്‌ചാൻസലർ ഡോ. മഹാദേവൻപിള്ളയുടെ കാലാവധി ഒക്‌ടോബറിലാണ്‌ അവസാനിക്കുക. Read on deshabhimani.com

Related News