ഗവർണർ പൊട്ടിത്തെറിച്ചു; കേരളം പൊട്ടിച്ചിരിച്ചു



തിരുവനന്തപുരം> സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിർണായക തെളിവുകൾ പുറത്തുവിടുമെന്ന വീരവാദത്തോടെ ഗവർണർ വിളിച്ച വാർത്താസമ്മേളനം രാഷ്ട്രീയ പ്രസംഗമായി മാറി. കാണിച്ച ദൃശ്യങ്ങളും പറഞ്ഞ കാര്യങ്ങളും കേരളം പലകുറി കണ്ടു മടുത്തതെന്ന്‌ വ്യക്തമായതോടെ ഗവർണറുടെ പൊട്ടിത്തെറി രാഷ്‌ട്രീയ കേരളത്തിന്റെ പൊട്ടിച്ചിരിയായി മാറി. ‘കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർ നിയമനത്തിലെ ക്രമക്കേടുകളുടെ തെളിവ്‌’, ‘കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ ഇർഫാൻ ഹബീബ്‌ നടത്തിയ അക്രമത്തിന്റെ വീഡിയോ ദൃശ്യം’, ‘മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തണമെന്ന ഉദ്ദേശ്യത്തോടെ അയച്ച കത്തുകൾ’ എന്നിവ പുറത്ത്‌ വിടുമെന്നായിരുന്നു രാജ്‌ഭവനിൽനിന്ന്‌ കഴിഞ്ഞ ദിവസംമുതൽ  വാർത്തകൾ പ്രചരിപ്പിച്ചത്‌. നിർണായക തെളിവുകൾ തിരുവനന്തപുരത്ത്‌ പുറത്തുവിടുമെന്ന്‌  ഗവർണറും കഴിഞ്ഞ ദിവസം വാർത്താലേഖകരോട്‌  പറഞ്ഞു. എന്നാൽ, ഇതിനെ സാധൂകരിക്കുന്നതൊന്നും പറയാനും പുറത്തുവിടാനും ഗവർണറുടെ പക്കൽ ഒന്നുമുണ്ടായില്ല. പകരം ആർഎസ്‌എസിനെ പ്രീതിപ്പെടുത്താൻ ചില രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്‌ ഉന്നയിച്ചത്‌. വിമാനയാത്രയ്‌ക്കിടെ മോശമായി പെരുമാറിയതിനാലാണ്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജന് യാത്രാവിലക്ക്‌ വന്നതെന്ന്‌ ഗവർണർ ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത്‌ കോൺഗ്രസുകാർ നടത്തിയ അക്രമം മറച്ചുവയ്‌ക്കാനും ഗവർണർ ജാഗ്രത കാട്ടി. കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റായിരുന്നു ഗവർണർ ഉന്നയിച്ച മറ്റൊരു വിഷയം. ക്ഷണിക്കപ്പെടാതെ എത്തിയ മാധ്യമപ്രവർത്തകരോട്‌ പുറത്തുപോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട വിഷയമടക്കം ഗവർണർ വാർത്താസമ്മേളനത്തിലേക്ക്‌ വലിച്ചിട്ടു. കേരളത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലെന്നതടക്കമുള്ള പരാമർശങ്ങളും വന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധമാണ്‌ സർക്കാരിനും ഇടതുപക്ഷത്തിനും സിപിഐ എമ്മിനുമെതിരെ തിരിയാൻ തന്നെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കുന്ന പരോക്ഷ പരാമർശങ്ങളും ഗവർണറിൽ നിന്നുണ്ടായി. സംസ്ഥാനത്ത്‌ ബിജെപി, ആർഎസ്‌എസ്‌ നേതാക്കൾ പലപ്പോഴായി ഉന്നയിച്ച്‌ പഴകിയ ആരോപണങ്ങളാണ്‌ ഗവർണർ ഏറ്റുപിടിച്ചതെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു വാർത്താസമ്മേളനത്തിലെ പരാമർശങ്ങളും മറുപടികളും. Read on deshabhimani.com

Related News