കണ്ണൂരിലുണ്ടായത്‌ ജനാധിപത്യവിരുദ്ധ പ്രസംഗത്തിനെതിരെയുള്ള പ്രതിഷേധം



കണ്ണൂർ കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ വേദിയിലുണ്ടായത്‌ ഗവർണറുടെ ജനാധിപത്യവിരുദ്ധ പ്രസംഗത്തിനെതിരെയുള്ള സ്വാഭാവിക പ്രതിഷേധംമാത്രം. പൗരത്വനിയമഭേദഗതിയെ ന്യായീകരിച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാനെതിരെ ചരിത്രകോൺഗ്രസ്‌ പ്രതിനിധികളാണ്‌ പ്രതിഷേധമുയർത്തിയത്‌. നൂറുകണക്കിന്‌ ദൃക്‌സാക്ഷികളുള്ളതും ദേശീയ മാധ്യമങ്ങളുൾപ്പെടെ വാർത്തയാക്കിയതുമായ പ്രതിഷേധത്തെയാണ്‌ തനിക്കുനേരെയുള്ള വധശ്രമമായി ഗവർണർ ചിത്രീകരിക്കുന്നത്‌. 2019 ഡിസംബർ 28ന്‌ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത്‌ നടന്ന എൺപതാമത്‌ ചരിത്രകോൺഗ്രസ്‌ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു ദേശീയശ്രദ്ധ ആകർഷിച്ച പ്രതിഷേധം. ആദ്യം പ്രസംഗിച്ച കെ കെ രാഗേഷ്‌ എംപിയും ചരിത്രകാരൻ ഇർഫാൻ ഹബീബും രാജ്യത്ത്‌ ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുകയാണെന്ന്‌ സൂചിപ്പിച്ചു. ഇക്കാര്യം പരാമർശിച്ച ഗവർണർ, എഴുതി തയ്യാറാക്കിയ പ്രസംഗത്തിനുമുമ്പ്‌ ചിലകാര്യങ്ങൾ സൂചിപ്പിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ സംസാരിച്ചു തുടങ്ങി. പൗരത്വവിഷയത്തിൽ രാജ്‌ഭവനിലും കോഴിക്കോട്‌ സർവകലാശാലയിലെ പരിപാടിയിലും പ്രതിഷേധിച്ചവരെ ചർച്ചയ്‌ക്കും സംവാദത്തിനും ക്ഷണിച്ചു. ആരും വന്നില്ല. പൗരത്വ വിഷയത്തിൽ എന്റെ വീക്ഷണമാണ്‌ ശരി. പ്രതിഷേധിക്കുന്നവർക്ക്‌ അവരുടേതും. സംവാദത്തിനുള്ള വാതിൽ അടയുമ്പോൾ അക്രമം പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്നും ഗവർണർ പറഞ്ഞതോടെയാണ്‌ സദസിൽനിന്ന്‌  പ്രതിഷേധമുയർന്നത്‌. ചില പ്രതിനിധികൾ കൈയിലുള്ള കടലാസിൽ ‘സിഎഎയും എൻആർസിയും എൻപിആറും തള്ളുകയെന്ന്‌’ എഴുതിയ പ്ലക്കാർഡുയർത്തി. ക്ഷുഭിതനായ ഗവർണർ നിങ്ങളുയർത്തുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ടെന്ന്‌ പറഞ്ഞു. പാക്‌ ക്രിക്കറ്റർ ഡാനിഷ്‌ കനേരിയ അവിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌ ഹിന്ദുവായതുകൊണ്ടാണെന്ന്‌ ഗവർണർ വിളിച്ചുപറഞ്ഞതോടെ  പ്രതിഷേധം ശക്തമായി. പ്രതിനിധികളിൽ പകുതിയോളംപേരും എഴുന്നേറ്റുനിന്ന്‌ ‘ഷെയിം’ വിളിച്ചു. ഇത്‌ പാകിസ്ഥാനല്ല, ഇന്ത്യയാണെന്ന്‌ ചിലർ വിളിച്ചുപറഞ്ഞു. ഈ രീതിയിലാണെങ്കിൽ പ്രസംഗം നിർത്തുന്നതാണ്‌ ഉചിതമെന്ന്‌ വേദിയിലുണ്ടായിരുന്ന ഇർഫാൻ ഹബീബ്‌ പറഞ്ഞു. തന്റെ വാദം സമർഥിക്കാൻ ഗാന്ധിജിയെയും മൗലാനാ അബ്ദുൾകലാം ആസാദിനെയും ഗവർണർ ഉദ്ധരിച്ചു. ഗാന്ധിജിയെയല്ല, ഗോഡ്‌സെയെയാണ്‌ താങ്കൾ ഉദ്ധരിക്കേണ്ടതെന്ന്‌ ഇർഫാൻ ഹബീബ്‌ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്ന്‌ ആക്ഷേപിച്ചാണ്‌ ഗവർണർ പ്രസംഗം നിർത്തിയത്‌. ഗവർണർക്കും പൗരത്വബില്ലിനുമെതിരെ മുദ്രാവാക്യം വിളിച്ച ജാമിയ മിലിയ, ജെഎൻയു വിദ്യാർഥികളെ പൊലീസ്‌ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഈ സംഭവത്തെയാണ്‌ ആസൂത്രിത വധശ്രമമെന്ന്‌ ഗവർണർ നിരന്തരം പറയുന്നത്‌. Read on deshabhimani.com

Related News