അപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി



തിരുവനന്തപുരം> അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 2.27 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ തരം ഫുള്‍ ബോഡി ഹൈ ഫിഡലിറ്റി സിമുലേറ്ററുകള്‍ വാങ്ങുന്നതിനാണ് തുക  അനുവദിക്കുന്നത്.  മനുഷ്യന് സമാനമായിട്ടുള്ള ഇത്തരം മാനികിനുകളുടെ സഹായത്തോടെ ലോകോത്തര വിദഗ്ധ പരിശീലനം സാധ്യമാകുന്നതാണ്. സിമുലേഷന്‍ ടെക്നോളജിയിലൂടെ അപകടങ്ങളാലും രോഗങ്ങളാലും ഉണ്ടാകുന്ന വിവിധ സന്ദര്‍ഭങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്‌ക്കരിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ സാധിക്കും. ഇത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്സ് ട്രോമ ആന്റ്  എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ ആരംഭിച്ചത്.  ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വിവിധ തരം എമര്‍ജന്‍സി ആന്റ്  ട്രോമ അനുബന്ധ കോഴ്സുകളാണ് ഈ സെന്ററില്‍ നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കേന്ദ്രത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സിമുലേഷന്‍ ലാബുകള്‍, ഡീബ്രീഫിങ്ങ് റൂമുകള്‍ എന്നിവ സജ്ജമാണെന്നും മന്ത്രി പറഞ്ഞു   Read on deshabhimani.com

Related News