ദത്ത്‌ നടപടി നിർത്തിവയ്‌ക്കും: സർക്കാർ നിർദേശം



തിരുവനന്തപുരം > താൻ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന പേരൂർക്കട സ്വദേശിനി അനുപമ എസ്‌ ചന്ദ്രന്റെ പരാതിയിൽ ദത്ത്‌ നടപടി നിർത്തിവയ്‌ക്കാൻ സർക്കാർ നിർദേശിച്ചു. സംസ്ഥാന  ദത്ത്‌  ഏജൻസി വഴി തിരുവനന്തപുരം കുടുംബകോടതിയിലാണ്‌ ഇത്‌സംബന്ധിച്ച  സത്യവാങ്‌മൂലം നൽകിയത്‌. അനുപമ കുഞ്ഞിന്റെ അമ്മയാണെന്നും കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും കോടതിയെ അറിയിച്ചതായി മന്ത്രി വീണാ ജോർജ്‌ അറിയിച്ചു.  സംഭവത്തിൽ വകുപ്പ്‌ തല അന്വേഷണം നടക്കുന്നുണ്ട്‌. അനുപമയുടെ ആവശ്യം ന്യായമാണ്‌. കുഞ്ഞ്‌ നിലവിൽ ഫോസ്റ്റർ കെയറി (ദത്തെടുക്കാൻ സന്നദ്ധരായവരുടെ സംരക്ഷണ)ലാണുള്ളത്‌. നീതി ലഭിക്കുന്നതിൽ വീഴ്‌ചയുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട്‌ ഞായറാഴ്‌ച ലഭിക്കും. സങ്കീർണമായ നിയമനടപടികളിലേക്ക്‌ അനുപമയെ തള്ളിവിടില്ലെന്നും മന്ത്രി പറഞ്ഞു. അനുപമ ശനിയാഴ്‌ച പകൽ സെക്രട്ടറിയറ്റ്‌ പടിക്കൽ നടത്തിയ സത്യഗ്രഹം സർക്കാർ ഇടപെടലിനെ തുടർന്ന്‌ അവസാനിപ്പിച്ചു. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും സമരം ഏതെങ്കിലും രാഷ്ട്രീയ പാർടിക്ക്‌ എതിരെ അല്ലായെന്നും അവർ പറഞ്ഞു.   അനുപമയുടെ പരാതിയിൽ പേരൂർക്കട പൊലീസും അന്വേഷണം നടത്തുന്നുണ്ട്‌. മാതാപിതാക്കളടക്കമുള്ളവരുടെ  മൊഴിയെടുക്കും. പരാതി അന്വേഷിക്കുന്നതിൽ പൊലീസിന്‌ വീഴ്‌ചയില്ലെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ഡിജിപിക്ക്‌ റിപ്പോർട്ട്‌ നൽകി. Read on deshabhimani.com

Related News