വ്യാജ ആരോപണങ്ങൾ: അനിൽ അക്കരയ്‌ക്കും മാതൃഭൂമിക്കുമെതിരെ എ സി മൊയ്തീൻ വക്കീൽ നോട്ടീസയച്ചു



തൃശൂർ > വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമാണത്തിന്റെ പേരിൽ മാനഹാനി വരുത്തിയതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്  അനിൽ അക്കര എംഎൽഎക്ക്  മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു. മാതൃഭൂമി ചാനലിനും പത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷനുവേണ്ടി യുഎഇ റഡ് ക്രസന്റ് എന്ന സംഘടന  സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്‌ലാറ്റ് സമുച്ചയ നിർമാണത്തിന്റെ ഇടനിലക്കാരനായി  മന്ത്രി എ സി മൊയ്‌തീൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര അപകീർത്തിപ്പെടുത്തിയത്. 140 യൂണിറ്റുള്ള ഭവനസമുച്ചയത്തിൽ നാലുകോടിയുടെ അഴിമതി നടന്നതായും ഇതിൽ രണ്ടുകോടി മന്ത്രി എ സി മൊയ്തീന്  കൈമാറിയെന്നുമാണ് അപകീർത്തിപ്പെടുത്തിയത്. 2020  ആഗസ്‌ത് 15ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്‌ത് 14ലെ മാതൃഭൂമി പത്രത്തിലും അപകീർത്തിപരമായ വാർത്ത വന്നു. ഈ വാർത്തയ്‌ക്കെതിരെ അനിൽ അക്കര എംഎൽഎ,  മാതൃഭൂമി ചാനൽ അവതാരക സ്‌മൃതി പരുത്തിക്കാട്, മാതൃഭൂമി  ന്യൂസ് ചാനൽ എഡിറ്റർ  ഉണ്ണി ബാലകൃഷ്‌ണൻ, മാതൃഭൂമി പത്രം പ്രിന്ററും പബ്ലീഷറുമായ എം എൻ രവിവർമ എന്നിവർക്കെതിരെയാണ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്  വക്കീൽ നോട്ടീസ്  അയച്ചത്. താൻ വിദ്യാർഥി പ്രസ്ഥാനം മുതൽ പൊതുരംഗത്ത് കളങ്കരഹിതമായ പ്രർത്തനമാണ് നടത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിന് അതീതമായി തന്റെ പൊതുസമ്മതിക്ക് ഇടിവ് വരുത്താൻ ഉദ്ദേശിച്ചാണ്,  അസത്യമാണെന്ന് അറിഞ്ഞിട്ടും അനിൽ അക്കര അപകീർത്തിപരമായ പരാമർശം നടത്തിയത്.  നോട്ടീസ് കൈപറ്റി  ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവന നിരുപാധികം പിൻവലിക്കണം. വാർത്ത  തുല്യപ്രാധാന്യത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണം. വീ‌ഴ്‌ച വരുത്തിയാൽ അപകീർത്തിക്ക്  ക്രിമിനൽ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ. കെ ബി മോഹൻദാസ് മുഖേന  നോട്ടീസ് അയച്ചത്. Read on deshabhimani.com

Related News