അനീഷ്‌ വധം; രണ്ടുപ്രതികൾ കുറ്റക്കാർ, ശിക്ഷ ഇന്ന്‌

അനീഷ് വധക്കേസ് പ്രതികള്‍


തിരുവനന്തപുരം > ഡിവൈഎഫ്‌ഐ നേതാവായിരുന്ന അനീഷ്‌ വധക്കേസിൽ രണ്ടുപ്രതികൾ കുറ്റക്കാർ. തിരുവനന്തപുരം അതിവേഗ കോടതി (നാല്‌) ജഡ്‌ജി പ്രസൂൺ മോഹനനാണ്‌, സഹോദരങ്ങളായ  ഗൗരീശപട്ടം പങ്കജ്‌ നിവാസിൽ  രാജേഷ്‌കുമാർ, സുരേഷ്‌കുമാർ എന്നിവരെ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. കേസിൽ വെള്ളിയാഴ്‌ച ശിക്ഷ വിധിക്കും.   മജിസ്ട്രേട്ട്‌ മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷി സന്തോഷ്‌കുമാറിനെതിരായ ശിക്ഷയും വെള്ളിയാഴ്‌ച വിധിക്കും.2007 മാർച്ച്‌ 18നാണ്‌ കേസിനാസ്‌പദമായ സംഭവം. ഇ എം എസ്‌ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്കായി പട്ടം മുറിഞ്ഞപാലത്ത്‌ അലങ്കാര പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അനീഷിനെ രാജേഷ്‌കുമാർ, സുരേഷ്‌കുമാർ, ഷിജു എന്നിവർ ചേർന്ന്‌ കുത്തിക്കൊല്ലുകയായിരുന്നു. ഇതിൽ ഷിജുവിനെ ഇനിയും പിടികിട്ടിയിട്ടില്ല.   പ്രതികൾക്ക്‌ ഒളിവിൽ കഴിയാൻ സഹായം നൽകിയ നാല്‌, അഞ്ച്‌ പ്രതികളായവരെക്കുറിച്ചുള്ള വിവരമാണ്‌ സന്തോഷ്‌കുമാർ രഹസ്യമൊഴി നൽകിയത്‌. വിചാരണ സമയത്ത്‌ ഇയാൾ ഇത്‌ നിഷേധിച്ചു. താൻ പറയാത്ത കാര്യങ്ങളാണ്‌ മൊഴിയിലെന്ന്‌ ഇയാൾ വാദിച്ചതോടെയാണ്‌ കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന്‌ കോടതി വ്യക്തമാക്കിയത്‌.മൂന്ന്‌ ദൃക്സാക്ഷികളാണ്‌ കേസിലുണ്ടായിരുന്നത്‌. ഇതിൽ രണ്ടുപേർ വിചാരണയ്‌ക്കിടെ മരിച്ചു. ആകെ 26 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.  തെളിവായി 41 രേഖയും ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. മുരുക്കുംപുഴ വിജയകുമാർ, അഡ്വ. എം എ ബിജോയ്‌ എന്നിവർ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായി. Read on deshabhimani.com

Related News