നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ കാട്ടാനകൾ സൗരോർജവേലി തകർത്തു

കുളത്തൂപ്പുഴ ഡീസന്റ്‌ മുക്കിൽ നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ കാട്ടാനക്കൂട്ടം തകർത്ത സൗരോർജവേലി


അഞ്ചൽ > നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ സൗരോർജവേലി കാട്ടാനകൾ തകർത്തു. വന്യമൃഗങ്ങൾ ജനവാസമേഖലയിൽ എത്തുന്നത് തടയുന്നതിനായി രണ്ടുമാസം മുമ്പാണ്‌ കുളത്തൂപ്പുഴ ഡീസന്റ്‌ മുക്കിലെ വനം വകുപ്പ് സെൻട്രൽ നഴ്‌സറിക്കു ചുറ്റും ലക്ഷങ്ങൾ മുടക്കി വനം വകുപ്പ് സൗരോർജവേലി സ്ഥാപിച്ചത്. പകൽ സമീപത്തെ തേക്ക്‌ പ്ലാന്റേഷനിൽനിന്ന്‌ കാട്ടാനക്കൂട്ടം എത്തി നാട്ടുകാർ നോക്കിനിൽക്കെ പാതയോരത്തെ ഇരുമ്പുവേലി ചവിട്ടി മറിച്ചു.   സൗരോർജവേലിയുടെ കമ്പികൾ തുമ്പിക്കൈകൊണ്ട് ഉയർത്തി കമ്പികൾക്കിടയിലൂടെ നഴ്സറി പ്രദേശത്തേക്കു കടന്നു. മുൻ വർഷങ്ങളിലും പ്രദേശത്തെ കോളനികൾ, മറ്റ്‌ ജനവാസ മേഖലകൾ എന്നിവയ്‌ക്കു ചുറ്റുമായി വൻതുക മുടക്കി വനം വകുപ്പ് സൗരോർജ വേലി സ്ഥാപിച്ചിരുന്നു. ഇവ അറ്റകുറ്റപ്പണികളും സംരക്ഷണവുമില്ലാതെ നശിച്ചു എന്നാണ്‌ നാട്ടുകാരും ഉദ്യോഗസ്ഥരും പറയുന്നത്. പാതയോരത്ത്‌  കാലവർഷം എത്തുന്നതിനു മുമ്പായി സൗരോർജവേലി സ്ഥാപിച്ചത് പ്രദേശവാസികൾ ഏറെ ആശ്വാസത്തോടെയാണ്‌ കണ്ടത്‌. കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും നിരന്തര സാന്നിധ്യം പ്രദേശവാസികളെ  ആശങ്കയിലാഴ്‌ത്തുന്നു. Read on deshabhimani.com

Related News