നാരായണൻ നായർ വധം: കൊലയാളി രാജേഷിനെ കെഎസ്‌ആർടിസിയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു

പ്രതി രാജേഷ്


തിരുവനന്തപുരം     ആനാവൂരിലെ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി കെഎസ്‌ടി എംപ്ലോയീസ്‌ സംഘ്‌ (ബിഎംഎസ്‌) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളാംകൊള്ളി രാജേഷിനെ കെഎസ്‌ആർടിസിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. കെഎസ്‌ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ ചെക്കിങ് ഇൻസ്‌പെക്ടറായ രാജേഷിനെ റിമാൻഡ്‌ചെയ്‌ത വെള്ളിയാഴ്‌ചമുതൽ സസ്‌പെൻഷൻ നിലവിൽവന്നതായി ഉത്തരവിൽ വ്യക്തമാക്കി. അതിനിടെ, കൊലപാതകത്തിന്‌ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ കേരള സർവീസ്‌ ചട്ടങ്ങൾ പ്രകാരം സർവീസിൽനിന്ന്‌ പുറത്താക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. ശിക്ഷിക്കപ്പെട്ട 11 ആർഎസ്‌എസ്‌ പ്രവർത്തകരെയും തിങ്കളാഴ്‌ച രാത്രി പൂജപ്പുര ജയിലിലടച്ചു. കൊലയാളികളെ ജയിലിലേക്ക്‌ കൊണ്ടുവന്നപ്പോൾ പൊലീസിനെ തടയാൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്റെ നേതൃത്വത്തിൽ ശ്രമിച്ചു. ജഡ്ജിയുടെ കുടുംബവീടിന് പൊലീസ് കാവൽ നെയ്യാറ്റിൻകര ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻനായരെ വെട്ടിക്കൊന്ന കേസിൽ ശിക്ഷ വിധിച്ച ജഡ്‌ജിയുടെ കുടുംബവീടിന്‌ പൊലീസ്  കാവൽ ശക്തമാക്കി. ജഡ്‌ജിയുടെ മാതാപിതാക്കൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം കുടുംബ വീട്ടിൽ രണ്ട് അജ്ഞാതർ എത്തി  ഫോൺ നമ്പർ ചോദിച്ച സാഹചര്യത്തിലാണിത്‌.  തിങ്കൾ പകൽ 3.30 ന് ശിക്ഷ വിധിച്ച് നിമിഷങ്ങൾക്കകമാണ് അജ്ഞാതർ ബൈക്കിൽ വീട്ടിലെത്തി ജഡ്‌ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടത്.  നമ്പർ നൽകാനാകില്ലെന്ന് മാതാപിതാക്കൾ പറഞ്ഞതോടെ ഇവർ സ്ഥലംവിട്ടു. പരാതി ലഭിക്കാത്തതിനാൽ പൊലീസ്‌  കേസെടുത്തിട്ടില്ല.  എന്നാൽ അജ്ഞാതരെ കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണെന്ന്‌ മാന്നാർ എസ് ഐ അഭിരാം പറഞ്ഞു. Read on deshabhimani.com

Related News