കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കും കർഷകരുടെ വരുമാന വര്‍ധനയ്‌ക്കും മുന്‍ഗണന: മുഖ്യമന്ത്രി



തിരുവനന്തപുരം ഉൽപ്പാദന- വിതരണ മേഖലയിൽ ഇടപെട്ട് കാർഷിക സ്വയംപര്യാപ്തത കൈവരിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടം മിൽമ ഭവനിൽ സ്ഥാപിച്ച ഡോ. വർഗീസ് കുര്യന്റെ പൂർണകായ പ്രതിമ ഓൺലൈനായി അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.   സർക്കാർ ഇടപെടലുകളുടെ ഫലമായാണ് ക്ഷീരോൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് അടുക്കുന്ന സാഹചര്യം ഉണ്ടായത്. 80 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം. 70 ലക്ഷത്തോളം ലിറ്റർ സംസ്ഥാനത്തിന്‌ അകത്തു തന്നെ ഉൽപ്പാദിപ്പിക്കാൻ ഇപ്പോൾ നമുക്ക്‌ കഴിയുന്നുണ്ട്. പ്രളയവും തുടർച്ചയായ മഴക്കെടുതികളും ഇല്ലായിരുന്നുവെങ്കിൽ ക്ഷീര സ്വയംപര്യാപ്തത എന്ന ലക്ഷ്യം നാം ഇതിനകം കൈവരിക്കുമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. കുര്യന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും സംസ്ഥാനതല ക്ഷീര ദിനാഘോഷവും മുഖ്യമന്ത്രി  ഉദ്‌ഘാടനം ചെയ്‌തു. ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.  ഡോ. വർഗീസ്‌ കുര്യന്റെ പ്രതിമ നിർമിച്ച ശിൽപ്പി ഉണ്ണി കാനായിയെ ഗതാഗത മന്ത്രി ആന്റണി രാജു ആദരിച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലെ മികച്ച ബിടെക് ഡെയറി സയൻസ് വിദ്യാർഥികൾക്ക് വർഗീസ് കുര്യൻ സ്‌കോളർഷിപ്പും മന്ത്രി സമ്മാനിച്ചു.  ദേശീയ ക്ഷീര വികസന ബോർഡ്‌ മുൻ ചെയർമാൻ ടി നന്ദകുമാർ വർഗീസ്‌ കുര്യൻ അനുസ്‌മരണ പ്രഭാഷണം നടത്തി. വർഗീസ്‌ കുര്യന്റെ മകൾ നിർമല കുര്യൻ, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, ക്ഷീര വികസന ഡയറക്ടർ ടി കെ അനികുമാരി, മിൽമ ചെയർമാൻ കെ എസ്‌ മണി,  ജോൺ തെരുവത്ത്‌, എൻ ഭാസുരാംഗൻ, ഡോ. ജോസ്‌ ജെയിംസ്‌, ഡോ. പാട്ടീൽ സുയോഗ്‌ സുഭാഷ്‌റാവു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News