പാലത്തിൽ നിന്ന്‌ ചാടാനൊരുങ്ങി യുവാവ്‌; അനുനയിപ്പിച്ച്‌ പിന്തിരിപ്പിച്ച്‌ പൊലീസ്‌



ആലുവ > ആത്മഹത്യാഭീഷണി മുഴക്കി വീടുവിട്ട യുവാവിനെ പൊലീസ്‌ കണ്ടെത്തി പിന്തിരിപ്പിച്ചു. വഴക്കുണ്ടാക്കി യുവാവ്‌ വീടുവിട്ട്‌ ഇറങ്ങിയതായും സഹായിക്കണമെന്നും അഭ്യർഥിച്ച്‌ കഴിഞ്ഞദിവസം രാത്രി ഇദ്ദേഹത്തിന്റെ ഭാര്യയാണ്‌ പൊലീസിനെ വിളിച്ചത്‌. എമർജൻസി റസ്‌പോൺസ് സെന്ററിൽനിന്ന്‌ വിവരം ആലുവ കൺടോൾ റൂമിലേക്ക് കൈമാറി. കൺടോൾ റൂമിൽനിന്ന്‌ വിളിച്ചപ്പോൾ യുവാവ്‌ മൊബൈൽഫോൺ എടുത്തു. ഇതോടെ മാർത്താണ്ഡവർമ പാലം പരിസരത്താണുള്ളതെന്ന്‌ മനസ്സിലാക്കി. ഈ ഭാഗത്തെ ക്യാമറയിൽനിന്നുള്ള ദൃശ്യം കൺട്രോൾ റൂമിൽ കണ്ട്‌ ഉറപ്പിച്ചതോടെ മഫ്തി പൊലീസ്‌ ഉടൻ സ്ഥലത്തെത്തി. ഈ സമയം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടരുകയായിരുന്നു. അകലെ വാഹനം നിർത്തി എത്തിയ പൊലീസ്‌ തന്ത്രപൂർവം യുവാവിനെ അനുനയിപ്പിച്ച്‌ ആലുവ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്‌ വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. എസ്ഐ കെ കെ ബഷീർ, എസ്‌സിപിഒമാരായ നസീബ്, എ കെ ജിജിമോൻ, പ്രശാന്ത് കെ ദാമോദരൻ, സിപിഒ അരവിന്ദ് വിജയൻ, സി ഷിബു, കെ എസ് സഫീർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. യുവാവിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് റൂറൽ എസ്‌പി ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു. Read on deshabhimani.com

Related News