ജനാധിപത്യ മഹിള അസോസിയേഷൻ സ്നേഹ സദസ് സംഘടിപ്പിച്ചു



തൃപ്പൂണിത്തുറ> വർഗീയതയെ ചെറുക്കാൻ ഏറ്റവും ഫല പ്രദമായ മാർഗം സ്നേഹം ചുരത്തുന്ന സ്‌ത്രീശക്തിയെ ഉണർത്തുകയാണന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ, വർഗീയതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച സ്നേഹ സദസ് ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. മാതൃത്വത്തിന്റെ സ്നേഹത്തിന് മത ജാതി ദേദമില്ല. ഭർത്താവിനെയും മകനെയും മതഭ്രാന്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ സ്‌ത്രീയുടെ സ്നേഹത്തിനു കഴിയും. സ്‌ത്രീകൾ സാമൂഹ്യ പ്രവർത്തനത്തിന്റെ മുൻ നിരയിലേക്ക് വരുന്നത് വർഗീയതക്കെതിരായ ഇടപെടലുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. പാട്ടിനും കലകൾക്കും എല്ലാം പുരോഗമന ആശയങ്ങളെ പ്രചരിപ്പിക്കുവാൻ വലിയ ശക്തിയുണ്ട്. പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ മേദിനിയുടെ പാട്ട് ഉണ്ടാകും എന്ന് അറിയിപ്പ് കൊടുത്താൽ ആയിരങ്ങൾ തടിച്ചു കൂടുമായിരുന്നു. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ സ്‌ത്രീകൾ സംഘടിതമായി വർഗീയതയ്ക്കെതിരെ രംഗത്തു വരേണ്ടതുണ്ട്. മഹിള അസാസിയേഷന്റെ കൂട്ടായ്‌മകൾ സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുമെന്നും സാനുമാഷ് പറഞ്ഞു.  ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി വി അനിത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. പുഷ്‌പദാസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റംഗം ടി സി ഷിബു, മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി എസ്  ഷൈല, ബീന ബാബുരാജ്, എൻ സി ഉഷാകുമാരി, റഷീദ സലീം, ടി കെ ഭാസുരാ ദേവി എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News