മഹിളാ അസോ. സംസ്ഥാന സമ്മേളനത്തിന്‌ ആലപ്പുഴയിൽ പതാക ഉയർന്നു

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനനഗറായ മല്ലു സ്വരാജ്യം നഗറിൽ (ആലപ്പുഴ ഇ എം എസ് സ്റ്റേഡിയം) സ്വാഗതസംഘം ചെയർപേഴ്സൺ കെ ജി രാജേശ്വരി പതാക ഉയർത്തുന്നു


മല്ലുസ്വരാജ്യം നഗർ (ആലപ്പുഴ ഇ എം എസ്‌ സ്‌റ്റേഡിയം) > അനശ്വര രക്തസാക്ഷികളുടെയും പോരാളികളുടെയും ഓർമകൾ തുടിക്കുന്ന പുന്നപ്ര–വയലാറിന്റെ മണ്ണിൽ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ 13–-ാം സംസ്ഥാന സമ്മേളനത്തിന്‌ ശുഭ്രപതാക ഉയർന്നു. സുശീല ഗോപാലനും കെ ആർ ഗൗരിയമ്മയും ഉൾപ്പെടെ ആദ്യകാല പോരാളികളുടെ ത്യാഗോജ്വല പോരാട്ട സ്‌മരണകളിരമ്പി. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ കെ ജി രാജേശ്വരിയാണ്‌ പതാക ഉയർത്തിയത്‌. വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ കൊടി, കൊടിമരം, കപ്പി, കയർ, ദീപശിഖാ റാലികൾ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ വലിയചുടുകാടിൽ സംഗമിച്ച്‌ പ്രകടനമായി ആലപ്പുഴ ഇ എം എസ്‌ സ്‌റ്റേഡിയത്തിലെത്തി. തിങ്കൾ രാവിലെ 9.30ന്‌ എം സി ജോസഫൈൻ നഗറിൽ (കാമിലോട്ട്‌ കൺവൻഷൻ സെന്റർ) സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ സുഭാഷിണി അലി ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്‌ളെ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ട്‌ നാലിന്‌ ‘വർഗീയതയും സമകാലീന ഇന്ത്യയും’ സെമിനാർ അഖിലേന്ത്യാ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ ഉദ്‌ഘാടനംചെയ്യും. അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി യു വാസുകി വിഷയം അവതരിപ്പിക്കും. ജി സുധാകരൻ അധ്യക്ഷനാകും. 23ന്‌ വൈകിട്ട്‌ നാലിന്‌ മല്ലുസ്വരാജ്യം നഗറിൽ (ഇ എം എസ്‌ സ്‌റ്റേഡിയം) പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. അഖിലന്ത്യാ സെക്രട്ടറി മറിയം ധാവ്‌ളെ, ട്രഷറർ എസ്‌ പുണ്യവതി, ജോയിന്റ്‌ സെക്രട്ടറി യു വാസുകി, വൈസ്‌പ്രസിഡന്റ്‌ പി കെ ശ്രീമതി, കെ കെ ശൈലജ, പി സതീദേവി, ആർ ബിന്ദു, വീണാ ജോർജ്‌ എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News