ആലപ്പുഴ മൊബിലിറ്റി ഹബ്; ഭാരപരിശോധന അടുത്തയാഴ്‌ച

വളവനാട് നിർമാണം പുരോഗമിക്കുന്ന താൽക്കാലിക ഗാരേജ്


ആലപ്പുഴ > കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ ഒരുങ്ങുന്ന മൊബിലിറ്റി ഹബ്ബിന്റെ നിർമാണം പുരോഗമിക്കുന്നു. ഭാരപരിശോധന അടുത്തയാഴ്‌ച. ഹബ്ബിന്റെ ടെസ്‌റ്റ്‌ പൈലിങ് ഒരുമാസം മുമ്പ് നടത്തിയെന്ന് നിർമാണച്ചുമതലയുള്ള ഇൻകെൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു.   ടെസ്‌റ്റ്‌ പൈലിങ് നടത്തി കുറഞ്ഞത് 28 ദിവസം കഴിഞ്ഞേ മണ്ണിന്റെ ഉറപ്പ് അറിയാൻ ഭാരപരിശോധന നടത്താവൂ. പൈലിങ് നടത്താൻ ഗാരേജിന്റെ വടക്കേ അറ്റത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്ലിട്ടത്. താൽക്കാലിക ഗാരേജിനായി വളവനാട് സിഎച്ച്സിക്ക് സമീപം തുടങ്ങിയ നിർമാണം പുരോഗമിക്കുകയാണ്. പാർക്കിങ് ഗ്രൗണ്ടും തയ്യാറായി. ഗാരേജിന്റെ അടിത്തറ നിർമാണം പൂർത്തിയായി. സ്‌റ്റീലുകൊണ്ടുള്ള 24 കോളം (തൂണുകൾ) ഉപയോഗിച്ചാണ് ഗാരേജ് നിർമാണം. കോളങ്ങൾ ഇതിനോടകം പൂർത്തിയായി. ഇനിയിവ ഉറപ്പിക്കണം. മേൽക്കൂരയും സ്‌റ്റീൽ (സ്ട്രക്ചറൽ ട്രസ്) ഉപയോഗിച്ചാണ് നിർമാണം. 19 സ്ട്രക്ചറൽ ട്രസും തയ്യാറായി.   കോളങ്ങൾക്ക് മുകളിൽ സ്ഥാപിക്കേണ്ട ബീമുകളുടെ നിർമാണം നടക്കുന്നു. 36 ബീം വേണം. ഇതിൽ 14 എണ്ണം പൂർത്തിയായി. നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ ഗാരേജ് വളവനാട്ടേക്ക്‌ മാറ്റും.ഒന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ 4.07ഏക്കറിൽ മൂന്ന്‌ ഘട്ടങ്ങളിലായാണ് ഹബ് നിർമാണം. 58,000 ചതുരശ്രയടി ബസ് ടെർമിനൽ ഏരിയയാണ്.  യാത്രക്കാരെ കയറ്റാനും ഇറക്കാനും 17 സ്ഥലങ്ങൾ. താഴത്തെ നിലയിൽ കഫ്റ്റീരിയ, കാത്തിരിപ്പ് സ്ഥലങ്ങൾ, ശൗചാലയങ്ങൾ, ഇൻഫർമേഷൻ ഡെസ്‌ക് എന്നിവയുണ്ട്. ഒന്നാംനിലയിൽ 37 ബസ് പാർക്കിങ്ങ്. മൂന്നുനിലകളിലായി വാണിജ്യാവശ്യത്തിന് 32,628 ചതുരശ്ര അടി. 40 സിംഗിൾ റൂം (സ്‌ത്രീകൾക്ക്‌ –- 21, പുരുഷന്മാർക്ക്‌ –- 19) വാടകയ്‌ക്കുണ്ട്‌.   നാല് സ്‌റ്റാർ ഹോട്ടൽ, റെസ്‌റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം, മൾട്ടിപ്ലക്‌സ്‌ തിയേറ്റർ, വെയിറ്റിങ് ലോബി, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയുമുണ്ട്. പ്രത്യേക ബ്ലോക്കിൽ ബസ് വർക്ക്ഷോപ്പുകളും ഗാരേജും തയ്യാറാക്കും. മെയിന്റനൻസ് ചേമ്പറുള്ള ബേസും കെഎസ്ആർടിസി ഓഫീസും സ്‌റ്റാഫിന് പ്രത്യേക താമസസൗകര്യവുമുണ്ടാകും. Read on deshabhimani.com

Related News