കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണം: എകെപിസിടിഎ



തിരുവനന്തപുരം കാർഷിക മേഖലയെ തകർക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന്‌ എകെപിസിടിഎ സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകർക്ക്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. കോവിഡിനെ ശാസ്‌ത്രീയമായി നേരിടുന്നതിന്‌ പകരം കേന്ദ്രസർക്കാർ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക്‌ തള്ളിവിടരുത്‌. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനത്തിന്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. അയ്യൻകാളി ഹാളിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വാക്‌സിൻ ചലഞ്ചിലേക്ക്‌ അധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം എ ജി ഒലീന മന്ത്രിക്ക്‌ കൈമാറി. സംഘടനയുടെ വെബ്സൈറ്റ്‌ പ്രകാശിപ്പിക്കലും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും മന്ത്രി നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ്‌ അധ്യക്ഷനായി. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് എൻ ടി ശിവരാജൻ സംസാരിച്ചു. അംഗത്വ ക്യാമ്പയിൻ പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് എം  ശ്രീകുമാറും മികച്ച കോളേജ് യൂണിയനുള്ള അഭിമന്യു അവാർഡ് പ്രഖ്യാപനം വൈസ് പ്രസിഡന്റ് ഷീല എം ജോസഫും നിർവഹിച്ചു. ജനറൽ സെക്രട്ടറി സി പത്മനാഭൻ സ്വാഗതവും സെക്രട്ടറി ടി ആർ മനോജ് നന്ദിയും പറഞ്ഞു.  ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ആർ കവിത കണക്കും വാർഷിക ബജറ്റും അവതരിപ്പിച്ചു. എ നിശാന്ത് സ്വാഗതവും കെ ബിജുകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News