കേരളത്തെ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസകേന്ദ്രമാക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം സംസ്ഥാനത്ത്‌ ഉന്നത വിദ്യാഭ്യാസമേഖലയിൽ അന്തർദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എകെപിസിടിഎ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വിദ്യാർഥികൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ഇവിടെ ആരംഭിക്കണം. ധാരാളം വിദേശ വിദ്യാർഥികൾ കേരളത്തിലെത്തുന്നു. മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവും ഉള്ളതിനാലാണിത്‌. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ കേന്ദ്രഭരണകൂടവും വക്താക്കളും ശ്രമിക്കുന്നത്. ചരിത്രം വളച്ചൊടിക്കുന്നതും സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണ്. സവർക്കർ മാപ്പെഴുതിയത് ഗാന്ധിജി നിർദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. എന്നാൽ, നീണ്ട ജയിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. എ കെ ജിയും മാപ്പഴുതിക്കൊടുത്ത് പുറത്തുവന്നില്ല. സവർക്കറെ ന്യായീകരിക്കാൻ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാർ. അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്രസർക്കാർതന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തിൽ അക്കാദമിക് സമൂഹമെന്ന നിലയിൽ ശരികളെ തുറന്നുകാണിക്കാൻ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാർക്ക്‌ ജിഹാദ്‌ പരാമർശം ഹീനം കേരളത്തിലെ കുട്ടികൾ ഡൽഹിയിലും മറ്റും പ്രവേശനം നേടുന്നതിനെ മാർക്ക്‌ ജിഹാദ്‌ എന്ന ഹീന പരാമർശവുമായി പരിഹസിക്കുന്ന സംഘപരിവാറുകാരനായ അധ്യാപകൻ സമൂഹത്തിന്‌ അപമാനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്തിനെയും വർഗീയമായാണ്‌ സംഘപരിവാർ കാണുന്നത്‌. ന്യൂനപക്ഷ വിഭാഗത്തെ ഏതെല്ലാം നിലയിൽ തോണ്ടാൻ പറ്റും അതെല്ലാം ചെയ്യും. അവരെ ആക്രമിക്കുക, പരിഹസിക്കുക, സമൂഹത്തിൽ അവമതിപ്പുണ്ടാക്കുക എന്നതിന്റെ ഭാഗമാണ്‌ മാർക്ക്‌ ജിഹാദ്‌ എന്ന പരാമർശമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News