കേരളത്തിൽ സാമൂഹ്യ മാറ്റം സാധ്യമാക്കിയത് കമ്യൂണിസ്റ്റ് ഇടപെടൽ: മുഖ്യമന്ത്രി



കണ്ണൂർ> നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തമായിടത്തു പോലും ജാതീയമായ ഉച്ചനീചത്വങ്ങൾ കേരളത്തിലേതു പോലെ അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ സാമൂഹ്യ മാറ്റത്തിന് അടിത്തറയിട്ടത് നവോത്ഥാനം തന്നെയാണ്. അതിനപ്പുറം എ കെ ജിയടക്കമുള്ളവരുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹ്യ മാറ്റത്തിനായി മറ്റൊരു മാർഗം സ്വീകരിച്ചതിലൂടെയാണ് കേരളം ജാതീയമായ വേർതിരിവില്ലാത്ത നാടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരളശേരിയിൽ എ കെ ജി സ്മൃതി മ്യൂസിയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെല്ലായിടത്തും ജാതീയമായ വേർതിരിവിനെതിരായ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉയർന്നിരുന്നു. കേരളത്തിലേതിലും സജീവമായ സംസ്ഥാനങ്ങളുണ്ടായിരുന്നു. തമിഴ്‌നാട് അതിലൊന്നാണ്. ഇവിടെയൊക്കെ അതിൻ്റെ മാറ്റം കാണണമായിരുന്നു. എന്നാൽ ഇവിടെയൊന്നും കേരളത്തിലേതു പോലെ സാമൂഹ്യ പുരോഗതി സാധ്യമായില്ല. എ കെ ജിയടക്കമുള്ളവർ ഇവിടെ മറ്റൊരു മാർഗമാണ് സ്വീകരിച്ചത്. കൂടുതൽ പുരോഗമനപരമാകണം എന്ന കാഴ്ചപ്പാടിലാണ് കോൺഗ്രസിൽ നിന്ന് സോഷ്യലിസ്റ്റായും പിന്നീട് കമ്യൂണിസ്റ്റായും മാറിയത്. എന്തൊക്കെയാണോ നാട്ടിൽ മറേണ്ടത് അതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് വേണ്ടതെന്ന തിരിച്ചറിവാണ് ഇതിന് കാരണമായത്. കർഷകരെയും തൊഴിലാളികളെയും  ബഹുജന പ്രസ്ഥാനങ്ങളെയും ചേർത്തു പിടിച്ചാണിത് സാധ്യമാക്കിയത്. ഏറ്റവും കൂടുതൽ മർദ്ദനമേറ്റ രാഷ്ട്രീയ നേതാവാണ് എ കെ ജി. പയ്യന്നൂർ കണ്ടോത്ത് എ കെ ജിയെ മർദ്ദിച്ചത് സവർണരായിരുന്നില്ല. എന്നാൽ ആ നാടിനെയാകെ എ കെ ജിയുടെ പ്രസ്ഥാനത്തിനൊപ്പം നിർത്താനായി എന്നത് സാമൂഹ്യ മാറ്റത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News