കടുത്ത പരീക്ഷണങ്ങളിലും പതറാത്ത സമരനായകൻ: മുഖ്യമന്ത്രി



തിരുവനന്തപുരം> കടുത്ത പരീക്ഷണങ്ങൾക്കുമുന്നിലും പതറാതെ ജനങ്ങളെ നയിക്കാൻ കരുത്തനായ സമരനായകനായിരുന്നു എകെജിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എകെജിയുടേതെന്നും പിണറായി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. എ കെ ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ അനുഭവങ്ങൾ പങ്കുവെച്ചാണ്‌ മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌‌ബുക്ക് കുറിപ്പ്‌.  ജനങ്ങൾ അതിക്രമം നേരിടുന്നിടത്തേയ്‌ക്ക്‌ ഓടിയെത്തി പ്രതിരോധത്തിന്റെ നേതൃത്വമേറ്റെടുക്കുന്നതായിരുന്നു എകെജിയുടെ പ്രകൃതം. കണ്ണൂർ  തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ എഴുപതുകളുടെ തുടക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടർച്ചയായി അക്രമമുണ്ടായി. പൊറുതിമുട്ടിയ നാട്ടുകാർക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും അധികാരികൾ നിഷേധിച്ചു. അത്യന്തം ഗുരുതരമായ പ്രതിസന്ധി തരണം ചെയ്യാൻ പ്രദേശത്ത്‌ എകെജി പ്രസംഗിക്കണമെന്ന് പാർട്ടി തീരുമാനിച്ചു.  സുശീല ഗോപാലനൊപ്പമാണ്‌ എകെജിയെത്തിയത്‌. അസുഖബാധിതനായിരുന്നതിനാൽ താൻ അവിടെ വെറുതെ വന്നിരിക്കുകയേയുള്ളൂ, ഞങ്ങൾ പ്രസംഗിക്കണമെന്നായിരുന്നു നിർദേശം. അൽപമെന്തെങ്കിലും സംസാരിക്കണമെന്ന് നിർബന്ധിച്ചിട്ടും എകെജി വഴങ്ങിയില്ല. പൊതുയോഗ സ്ഥലത്ത്‌ ഹർത്താലായിരുന്നു. യോഗം മുടക്കാൻ  കോൺഗ്രസുകാർ കടകളടപ്പിച്ചും ഭീഷണിപ്പെടുത്തിയും  ഭീകരാവസ്ഥയുണ്ടാക്കി. എകെജി എത്തിയതറിഞ്ഞ്‌ ജനങ്ങൾ അടുത്തെത്തി. നിമിഷങ്ങൾക്കുള്ളിലത്‌ വലിയ ജനക്കൂട്ടമായി. കാര്യങ്ങൾ ചോദിച്ചറിഞ്ഞ എകെജി ക്ഷുഭിതനായി. നേരത്തെ പറഞ്ഞതെല്ലാം മറന്ന്  പ്രസംഗമാരംഭിച്ചു. തോലമ്പ്രയുടെ ചരിത്രവും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കരുത്തും വിശദീകരിച്ച്‌  വികാരതീവ്രമായ പ്രസംഗം. മൈക്കിന് മുന്നിൽ നിൽക്കാൻ പോലും കഴിയുന്നില്ലെന്ന്‌ പറഞ്ഞ എകെജിയെയല്ല,  കടുത്ത പരീക്ഷണങ്ങളിലും പതറാത്ത സമരനായകനെയാണ് അവിടെ കണ്ടത്. പ്രസംഗമവസാനിപ്പിച്ച് എകെജി ഇരിക്കുമ്പോൾ പിന്നെ പ്രസംഗത്തിനുള്ള സമയമോ വിഷയമോ അവശേഷിച്ചിരുന്നില്ല. അതായിരുന്നു എകെജി. ഒരിക്കലെങ്കിലും ആ സാന്നിധ്യമനുഭവിച്ചവർ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എകെജിയെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. Read on deshabhimani.com

Related News