എ കെ ജി സെന്റർ ആക്രമണം: പ്രതിയെക്കുറിച്ച്‌ സൂചന



തിരുവനന്തപുരം എ കെ ജി സെന്ററിന്‌ ബോംബെറിഞ്ഞ കേസിൽ പ്രതിയെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്‌. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയിലേക്ക്‌ പ്രത്യേക അന്വേഷക സംഘം എത്തിയത്‌. ഒന്നിലധികമാളുകൾക്ക്‌ കൃത്യത്തിൽ പങ്കുണ്ടെന്നാണ്‌ നിഗമനം. വയനാട്‌ എംപിയുടെ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചിനു പിന്നാലെ എ കെ ജി സെന്റർ ആക്രമിക്കുമെന്ന്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ച കാട്ടായിക്കോണം സ്വദേശിയായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനെ അന്വേഷക സംഘം ചോദ്യം ചെയ്യാൻ കമീഷണർ ഓഫീസിലേക്ക്‌ വിളിപ്പിച്ചു. ‘എ കെ ജി സെന്ററിന്റെ ഒരു ജനലിന്റെ ഗ്ലാസ്‌ ഒറ്റയ്‌ക്കെത്തി എറിഞ്ഞുപൊട്ടിക്കു’മെന്നായിരുന്നു കുറിപ്പ്‌. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത മറ്റൊരാളെ കഴക്കൂട്ടം പൊലീസ്‌ സ്റ്റേഷനിലെത്തി പ്രത്യേക അന്വേഷക സംഘത്തലവൻ ഡിസിആർബി അസി. കമീഷണർ ജെ കെ ദിനിൽ ചോദ്യംചെയ്‌തു. ബോംബെറിഞ്ഞശേഷം കുന്നുകുഴി ഭാഗത്തേക്കാണ്‌ പ്രതി രക്ഷപ്പെട്ടത്‌. ഈ ദിശയിൽ മൂന്നു കിലോമീറ്ററോളം ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ചുവന്ന ഹോണ്ട ഡിയോ സ്കൂട്ടറിലാണ്‌ പ്രതി വന്നതെന്ന്‌ ഇതിലൂടെ തിരിച്ചറിഞ്ഞു. എ കെ ജി സെന്ററിനു സമീപത്തെത്തി പ്രദേശം നിരീക്ഷിച്ചപ്പോൾ ഇയാളുടെ പക്കൽ കവർ ഇല്ലായിരുന്നു. തിരികെ വന്നപ്പോൾ  സ്കൂട്ടറിലുണ്ടായിരുന്ന കവറിൽനിന്നാണ്‌ ബോംബ്‌ എടുത്തെറിഞ്ഞത്‌. കവർ വഴിയിൽനിന്ന്‌ മറ്റൊരാൾ നൽകിയതാകാമെന്ന സംശയമാണ്‌ പൊലീസിനുള്ളത്‌. നിരവധി ആളുകളെ പൊലീസ്‌ ചോദ്യം ചെയ്തിട്ടുണ്ട്‌. കൃത്യമായ തെളിവുകളോടെ വൈകാതെ പ്രതിയിലേക്കും സഹായം നൽകിയവരിലേക്കും എത്താനാകുമെന്നാണ്‌ അന്വേഷക സംഘത്തിന്റെ പ്രതീക്ഷ. Read on deshabhimani.com

Related News