എ കെ ജി സെന്റർ ആക്രമണം : നവ്യക്ക്‌ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ



തിരുവനന്തപുരം എ കെ ജി സെന്റർ ആക്രമണ കേസിലെ  നാലാം പ്രതി നവ്യക്ക്‌ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ. രാഷ്ട്രീയ പ്രവർത്തക കൂടിയായ ഇവർ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ആക്രമിച്ച്‌ കേരളത്തിലെങ്ങും  അക്രമത്തിന്‌ ശ്രമിച്ച കേസിൽ വാഹനമെത്തിച്ച്‌ നൽകിയത്‌ ഇവരാണ്‌. പ്രതിയുടെ അറസ്റ്റ്‌ രേഖപ്പെടുത്താനോ ചോദ്യം ചെയ്യലിനോ തെളിവെടുപ്പിനോ സാധിച്ചിട്ടില്ല. തുടർന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളയാണ്‌ പ്രതി. സംഭവദിവസം പ്രതി രാത്രി പത്തിന്‌ ഗൗരീശപട്ടേത്തേക്കും കൃത്യത്തിന്‌ ശേഷം 11.30ന്‌ തിരിച്ചും വാഹനമോടിച്ച്‌ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്‌. നവ്യക്കൊപ്പം ജോലി ചെയ്യുന്നവർ ഈ ദൃശ്യങ്ങളിലുള്ളത്‌ പ്രതി തന്നെയെന്ന്‌ തിരിച്ചറിഞ്ഞിട്ടുമുണ്ട്‌. കേസിലെ മൂന്നാം പ്രതി സുബീഷാണ്‌ സ്കൂട്ടർ നവ്യക്ക്‌ എത്തിച്ച്‌ നൽകിയത്‌. നവ്യ സ്കൂട്ടർ ഗൗരീശപട്ടത്ത്‌ വച്ച്‌ ഒന്നാം പ്രതി ജിതിന്‌ കൈമാറിയെന്നും പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ അഡ്വ. ഹരീഷ്‌കുമാർ  കോടതിയെ അറിയിച്ചു. കേസ്‌ 15ന്‌ വീണ്ടും പരിഗണിക്കും. ഒളിവിൽ കഴിയുന്നതിനിടെയാണ്‌  നവ്യ തിരുവനന്തപുരം അഡീഷണൽ സെഷൻസ്‌ കോടതിയിൽ മുൻകൂർ ജാമ്യത്തിന്‌ അപേക്ഷിച്ചത്‌. Read on deshabhimani.com

Related News