എഐ കാമറ വന്നു; ട്രാഫിക്‌ നിയമലംഘനം പകുതിയായി



തിരുവനന്തപുരം> എഐ കാമറ സംവിധാനം സംസ്ഥാനത്ത്‌ സ്ഥാപിച്ചശേഷം ട്രാഫിക്‌ നിയമലംഘനം പകുതിയായി കുറഞ്ഞു. ഏപ്രിൽ രണ്ടാംവാരത്തിൽ 4.88 ലക്ഷം ട്രാഫിക്‌ നിയമലംഘനങ്ങളാണ്‌ പ്രതിദിനം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ 2,42,746  നിയമലംഘനങ്ങളും. ഏപ്രിൽ 20 ന്‌ ആണ്‌ സംസ്ഥാനത്ത്‌ എഐ കാമറ സംവിധാനം ഉദ്‌ഘാടനം ചെയ്‌തത്‌. പ്രതിവർഷം നാൽപ്പതിനായിരത്തിലധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന കേരളം ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന രാജ്യത്തെ  അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 ശതമാനം  മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1 ശതമാനംകേരളത്തിലാണ്. 2022-ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4,317 പേർ മരിക്കുകയും 49,307 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയുംചെയ്‌തു. 2023 ഏപ്രിൽ വരെ 16,528 റോഡപകടങ്ങളിൽ 1,447 പേരാണ്‌ മരിച്ചത്‌. 19,015 പേർക്ക് ഗുരുതരമായ പരിക്കേറ്റു. മരണപ്പെടുന്നതിലും ഗുരുതരമായി പരിക്കേൽക്കുന്നതിലും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കളാണ്‌ കൂടുതൽ. പ്രതിവർഷം മരണമടയുന്ന യുവാക്കളിൽ 200-ഓളം പേർ 18 വയസ്സിൽ താഴെയുള്ളവരും ഗുരുതരമായി പരിക്കേൽക്കുന്നവരിൽ 30 ശതമാനംപേർ വികലാംഗരായി മാറുന്നവരോ ജീവിതകാലം മുഴുവൻ കിടപ്പിലാകുന്നവരോ ആണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് റോഡ് അപകടങ്ങൾ കൂടുതൽ. 24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷ്യൻ എന്നീ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. സുതാര്യവും, മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതും, അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന വേളയിൽ ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന്‌ ഗതാഗതമന്ത്രി പറഞ്ഞു.  ക്യാമറ സിസ്റ്റം സ്ഥാപിച്ച കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. Read on deshabhimani.com

Related News