നടിയെ ആക്രമിക്കൽ: കൂടുതൽ സാക്ഷികളെ വിസ്‌തരിക്കാം;പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണം: ഹൈക്കോടതി



കൊച്ചി> നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി. നിലവില്‍ വിസ്തരിക്കാത്ത അഞ്ച് സാക്ഷികളെ വിസ്തരിക്കാനാണ്  അനുമതി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട രേഖകള്‍ വിളിച്ച് വരുത്താനും ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാനാവില്ലന്ന വിചാരണ കോടതിയുടെ നിലപാട് കോടതി ശരിവച്ചു. പ്രോസിക്യൂഷന്റെ ആവശ്യം നിരസിച്ച് വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജികളിലാണ് ജസ്റ്റീസ് കൗസര്‍ ഇടപ്പഗത്തിന്റെ ഉത്തരവ്. പത്ത് ദിവസത്തിനകം സാക്ഷികളെ വിസ്തരിക്കണമെന്നും ഇതിന് പ്രതിഭാഗം സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.  നിലിഷ, കണ്ണദാസന്‍, ഉഷ, സുരേഷ്, കൃഷ്‌ണമൂര്‍ത്തി എന്നീ സാക്ഷികളെ വീണ്ടു വിസ്തരിക്കാം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ‌ട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയോ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി, അഡിഷണല്‍ പബ്ലിക് പോസിക്യൂട്ടര്‍ പി നാരായണന്‍ എന്നിവര്‍ ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കാനാണ് പ്രോസിക്യൂഷന്‍ നേരത്തെ വിചാരണ കോടതിയുടെ അനുമതി തേടിയത്. അതില്‍ ആറു പേരെ നേരത്തെ വിസ്തരിച്ചിരുന്നു. മൂന്നു പേരെ വീണ്ടും വിസ്തരിക്കാന്‍ വിചാരണ കോടതിഅനുമതി നല്‍കിയില്ല. മൂന്നു പേരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിച്ചു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ വിളിച്ച് വരുത്താനും. ഡിജിറ്റല്‍ തെളിവുകള്‍ക്കൊപ്പം ഹാജരാക്കേണ്ട സര്‍ട്ടിഫിക്കേറ്റ് ശരിയായ നിലയില്‍ ഹാജരാക്കാനും അനുമതി തേടിയിരുന്നു. ഈ ആവശ്യങ്ങള്‍ നിരസിച്ചത് നിയമപരമല്ലന്നും  പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News