മെമ്മറി കാർഡ്‌ പരിശോധിക്കാം; അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി



കൊച്ചി നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മെമ്മറി കാർഡ് പരിശോധിക്കേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ പരിശോധന പൂർത്തിയാക്കണം. ഹൈക്കോടതി ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് വിചാരണക്കോടതി അയക്കണം. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഫലം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറണം. അന്വേഷണം എങ്ങനെവേണമെന്ന്‌ തീരുമാനിക്കുന്നത്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ അവകാശമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോതുറന്നെന്നും ഹാഷ് വാല്യൂ മാറിയെന്നും വീണ്ടും പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടേണ്ടത് കേസിന്റെ തുടർനടപടികൾക്ക് അനിവാര്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് അതിജീവിതയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ ചട്ടപ്രകാരം കേസ് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്ന് കോടതികൾ മനസ്സിലാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ കേസിൽ മെമ്മറി കാർഡ് പ്രധാന തെളിവാണ്.   ഹാഷ് വാല്യൂ മാറിയതെങ്ങനെയെന്ന ഫോറൻസിക് റിപ്പോർട്ട്‌ കോടതിയിൽ ഹാജരാക്കാനുള്ള അവസരം അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കാതിരുന്നാൽ നിയമപരമായ വീഴ്ചയാകും. അതിനാൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതിയുടെ നടപടി തിരുത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ എന്നിവർ ഹാജരായി. Read on deshabhimani.com

Related News