നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന്റെ വിസ്താരം മാറ്റി



കൊച്ചി നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ, ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റി. ഹൈക്കോടതിയിൽനിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാലാണിത്. എറണാകുളത്തെ പ്രത്യേക വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസ് തിരുവനന്തപുരത്തെത്തി വിസ്താരം നടത്താനാണ്‌ തീരുമാനിച്ചിരുന്നത്‌. ബാലചന്ദ്രകുമാർ വൃക്കരോഗം ബാധിച്ച്‌ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വെള്ളിവരെ വിസ്തരിക്കാനായിരുന്നു തീരുമാനം. നേരത്തേ 10 ദിവസം ബാലചന്ദ്രകുമാറിനെ കൊച്ചിയിലെ കോടതിയിൽ വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ചും കേസ് അട്ടിമറിക്കാൻ ദിലീപ് നടത്തിയ നീക്കങ്ങൾ സംബന്ധിച്ചും പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ കേസിൽ തുടരന്വേഷണം നടത്തി, അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ സാക്ഷിവിസ്താരം നടക്കുന്നത്. പ്രധാനസാക്ഷി മഞ്ജുവാര്യരെ പതിനാറിനാണ്‌ വിസ്തരിക്കുക. 232 സാക്ഷികളെ വിസ്തരിച്ചു. 202 പേർ ആദ്യകുറ്റപത്രത്തിലെ സാക്ഷികളാണ്. 35 പേരെക്കൂടി വിസ്‌തരിക്കാനുണ്ട്. കേസിൽ വിസ്താരം പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം 2023 ജനുവരി 31ന്‌ കഴിഞ്ഞിരുന്നു. സമയം നീട്ടിക്കിട്ടാൻ വിചാരണക്കോടതി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News