നടിയെ ആക്രമിച്ച കേസ്‌: ദിലീപ്‌ മുഖ്യസൂത്രധാരനെന്ന്‌ പ്രോസിക്യൂഷൻ



കൊച്ചി > നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങൾ ചിത്രീകരിച്ചതിലും സാക്ഷികൾ കൂറുമാറിയതിലും  മുഖ്യസൂത്രധാരൻ നടൻ ദിലീപാണെന്ന് പ്രോസിക്യൂഷൻ. ലൈംഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകുന്നത്‌ കേരള ചരിത്രത്തിൽ ആദ്യമാണെന്നും അസാധാരണമായ കേസാണിതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച്‌ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണിക്കാര്യം.   പ്രതികൾക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്. 20 സാക്ഷികൾ കൂറുമാറിയതിനുപിന്നിൽ ദിലീപും കൂട്ടാളികളുമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് പതിവില്ലാത്തതാണ്‌. ഇതിന്‌ തെളിവുണ്ട്‌. ഒന്നാംപ്രതിയായ ദിലീപ് കേസിൽനിന്ന് തടിയൂരാനുള്ള തീവ്രശ്രമത്തിലാണ്. കേസിലെ തുടർനടപടികൾ അട്ടിമറിക്കാൻ പ്രതി സുപ്രീംകോടതിയിലടക്കം ഹർജികൾ നൽകി. പൊലീസ് പിടിച്ചെടുത്ത പീഡനദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്നാണ് ദിലീപ് ഉന്നയിച്ച ആവശ്യം. വീഡിയോ  പ്രതിരോധത്തിന്‌ ഉപയോഗിക്കുകയാണ്  ലക്ഷ്യം.   രഹസ്യസ്വഭാവമുള്ളതായിട്ടും ഈ കേസിൽ ഗൂഢാലോചന നേരിൽക്കണ്ടതിന് സാക്ഷിയുണ്ട്‌. സാക്ഷി പ്രതികൾക്കെതിരെ മൊഴി നൽകിയതുകൂടാതെ തെളിവുകളും നൽകി. നേരിട്ടുള്ള മൊഴി കൂടാതെ പ്രതികളുടെ സംഭാഷണത്തിന്റെ ഓഡിയോയും ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. ഒന്നും രണ്ടും പ്രതികളുടെ വീടുകൾ പരിശോധിച്ചു. ഫോണുകൾ അടക്കം 19 തൊണ്ടികളും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും.  ഉന്നത സ്വാധീനമുള്ള ഒന്നാംപ്രതി  കേസ്‌ അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യാപേക്ഷ തള്ളണമെന്നും ക്രൈംബ്രാഞ്ച് ബോധിപ്പിച്ചു. Read on deshabhimani.com

Related News