നടിയെ ആക്രമിച്ച കേസ്‌: ദിലീപ്‌ പറഞ്ഞ സ്‌ത്രീക്കായി അന്വേഷണം



കൊച്ചി നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പറഞ്ഞ സ്‌ത്രീക്കായി ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി. സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന നടൻ ദിലീപിന്റെ സംസാരത്തെക്കുറിച്ച്‌ ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട്‌ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ്‌ സുഹൃത്ത്‌ ബൈജു ചെങ്ങമനാടിനോട്‌ ഈ കാര്യം പറഞ്ഞത്‌. ‘‘സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല. ഒരു പെണ്ണ്‌ അനുഭവിക്കേണ്ടതാണ്‌. അവരെ രക്ഷിച്ച് രക്ഷിച്ച് അവസാനം ഞാൻ ശിക്ഷിക്കപ്പെട്ടു’’ എന്നാണ്‌ ദിലീപ്‌ ബൈജുവിനോട്‌ പറഞ്ഞത്‌. സംഭാഷണം റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്‌. ഓഡിയോ ക്ലിപ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറിയിട്ടുണ്ട്‌. ദിലീപ്‌ പരാമർശിച്ച സ്‌ത്രീ(മാഡം) സിനിമാമേഖലയിൽനിന്നുള്ളയാളാണെന്ന്‌ ഒന്നാംപ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ,  മാഡത്തിന് വലിയ പങ്കില്ലെന്ന്‌ സുനി പിന്നീട്‌ പറഞ്ഞു. ഈ സ്‌ത്രീ ആരാണെന്നും കേസിലെ പങ്ക്‌ എന്താണെന്നും കണ്ടെത്തേണ്ടതുണ്ട്‌. ബാലചന്ദ്രകുമാർ പറഞ്ഞ വിഐപിയേയും കണ്ടെത്തേണ്ടതിനാൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഊർജിതമാക്കി. കേസ്‌ അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയാണ്‌ ഇയാളെന്നുമാണ്‌ ക്രൈംബ്രാഞ്ചിന്റെ നിഗമനം. ശബ്ദരേഖ പരിശോധിക്കും സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോഡ്‌ ചെയ്‌ത ശബ്ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.  ദിലീപ്‌, സഹോദരൻ അനൂപ്‌, സഹോദരി സവിത, സവിതയുടെ ഭർത്താവ്‌ സുരാജ്‌, ഇവരുടെ മകൻ, സുഹൃത്ത്‌ ബൈജു ചെങ്ങമനാട്‌, ‘വിഐപി’ എന്നിവരുൾപ്പെടെയുള്ളവരുടെ ശബ്ദമാണ്‌  റെക്കോഡ്‌ ചെയ്‌തത്‌. ശബ്ദ പരിശോധനയ്‌ക്ക്‌ ഇവരെ വിളിച്ചുവരുത്തും. ശബ്ദം തങ്ങളുടേതല്ലെന്ന്‌ ആരും നിഷേധിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ബ്രിട്ടനിലെത്തിയെന്ന്‌ സംശയിക്കുന്നതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദൃശ്യങ്ങൾ കണ്ടതായി ബ്രിട്ടനിൽനിന്ന്‌ ആലുവ സ്വദേശി അഞ്ചു ദിവസംമുമ്പ്‌ വിളിച്ചുപറഞ്ഞു. ദൃശ്യങ്ങൾ അയച്ചുതരാമെന്നും ലാപ്‌ടോപ്പിൽ ഉണ്ടെന്നും ഷെരീഫ്‌ എന്നൊരാൾ പറഞ്ഞു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്‌ ബാലചന്ദ്രകുമാർ പറഞ്ഞു. Read on deshabhimani.com

Related News