‘ബാലചന്ദ്രകുമാറിനെ അറിയാം’; തെളിവുകൾക്ക് ശക്തി പകർന്ന് പൾസർ സുനിയുടെ ഫോൺ സംഭാഷണം



കൊച്ചി > നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള തെളിവുകൾക്ക് ശക്തി പകർന്ന് ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ഫോൺ സംഭാഷണം. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ തനിക്കറിയാമെന്ന്‌ സുനി സഹതടവുകാരനായ ജിൻസനോട്‌ പറയുന്ന ശബ്ദ്‌രേഖയാണ്‌ പുറത്ത്‌ വന്നത്‌. കാക്കനാട്‌ ജില്ലാ ജയിലിൽ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൺ. നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ രണ്ട്‌ മൂന്ന്‌വട്ടം കണ്ടതായി സുനി ജിൻസനോട് പറയുന്നുണ്ട്. തെറ്റ് ചെയ്തവർ എല്ലാവരും തുല്യമായി അനുഭവിക്കണമെന്നും കേസിൽ പൾസർ സുനി മാത്രം ജയിലിൽ കിടക്കുന്നത് എന്തിനാണെന്നുമുള്ള ജിൻസന്റെ ചോദ്യത്തിന് ‘പണത്തിന് മീതെ പരുന്ത് പറക്കുമോ എന്ന് കണ്ടറിഞ്ഞ് കാണാം' എന്നായിരുന്നു സുനിയുടെ മറുപടി. കേസിന്റെ  വാർത്തകൾ വായിച്ചറിയുന്നുണ്ടെന്നും എന്തെങ്കിലും പുറത്ത് സംഭവിക്കുന്നുണ്ടോയെന്നും ജിൻസനോട് പൾസർ സുനി ചോദിക്കുന്നുണ്ട്. വലിയ ചർച്ചയാണ് നടക്കുന്നതെന്നായിരുന്നു ജിൻസന്റെ മറുപടി. ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ച് പലവട്ടം കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. നെടുമ്പാശേരിയിൽ തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടാണ്‌ ജിൻസൺ ജയിലിലെത്തിയത്‌. എട്ട് മാസം സുനിയോടൊപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതും അതിന്‌ ദിലീപാണ്‌ ക്വട്ടേഷൻ നൽകിയതെന്നും സുനി ജിൻസണോട്‌ പറഞ്ഞിരുന്നു. ജിൻസൺ ഇക്കാര്യം അന്വേഷണ സംഘത്തിന്‌ രഹസ്യ മൊഴിയായി നൽകിയിട്ടുണ്ട്‌. നടി കേസിൽ ജിൻസൺ സാക്ഷിയാണ്‌. ജിൻസണുമായുള്ള സംഭാഷണത്തിന്റെ ശബ്‌ദ രേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. വിയ്യൂർ ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ എഫ്‌ഐആർ ആലുവ മജിസ്‌ട്രേട്ട്‌ കോടതിയിൽ സമർപ്പിച്ചു. ഗൂഢാലോചന നടത്തിയത്‌ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചാണെന്ന്‌ കണ്ടെത്തിയിരുന്നു. ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം യൂണിറ്റ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ തുടരന്വേഷണത്തിനായി കൊച്ചി യൂണിറ്റിന്‌ കൈമാറി. എസ്‌പി എം പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിക്കുക. ദിലീപിന്‌ ദൃശ്യങ്ങൾ കൈമാറിയെന്ന്‌ സംശയിക്കുന്ന ബാലചന്ദ്രകുമാർ ‘വിഐപി’യെന്ന്‌ വിശേഷിപ്പിച്ച വ്യക്തിയെ കണ്ടെത്താനും ക്രൈംബ്രാഞ്ച്‌ അന്വേഷണം ഊർജിതമാക്കി.   Read on deshabhimani.com

Related News