നടിയെ ആക്രമിച്ച കേസ്‌; വിഐപി ശരത്താണെന്ന്‌ സൂചന

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടിലെ പരിശോധനയ്‌ക്കുശേഷം ക്രൈംബ്രാഞ്ച് സംഘം പുറത്തേക്ക് വരുന്നു


കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്‌ സംബന്ധിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ അടുത്ത സുഹൃത്ത്‌ ശരത്താണെന്ന്‌ സൂചന. ദിലീപിന്റെ സഹോദരിയുടെ മകൻ ‘ശരത് അങ്കിൾ ’ വന്നിട്ടുണ്ടെന്ന് പറയുന്നത് കേട്ടതായി ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വ്യവസായി മെഹബൂബ്‌ അബ്ദുള്ള, ശരത്‌ എന്നിവരടക്കം മൂന്നു പേരുടെ ശബ്‌ദസാമ്പിൾ ക്രൈംബ്രാഞ്ച്‌ ബാലചന്ദ്രകുമാറിനെ കേൾപ്പിച്ചു. ഇതിൽ ശരത്തിന്റെ ശബ്‌ദം തിരിച്ചറിഞ്ഞതായാണ്‌ വിവരം. തിങ്കളാഴ്‌ച വൈകുന്നേരം ആലുവ തോട്ടുമുഖത്തെ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷക സംഘം പരിശോധന നടത്തിയിരുന്നു. രാത്രി  ഏഴോടെ ആരംഭിച്ച പരിശോധന ഒമ്പതരയോടെയാണ്‌ സമാപിച്ചത്‌. ശരത്‌ ഒളിവിലാണെന്ന്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരായില്ല. ഇതിനുപിന്നാലെ മുൻ‌കൂർജാമ്യം തേടി ശരത് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തൽ : ദിലീപിനെ ചോദ്യം ചെയ്യും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ അന്വേഷകസംഘം ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ എടുത്ത കേസിൽ എഡിജിപി എസ്‌ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യുക. സുഹൃത്ത്‌ ശരത്ത്‌,  ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുല്ല എന്നിവരെയും ചോദ്യംചെയ്തേക്കും. കേസിലെ തെളിവ്‌ നശിപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ദിലീപ്‌ ശ്രമിച്ചുവെന്നാണ്‌ ബാലചന്ദ്രകുമാറിന്റെ മൊഴി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽവച്ച്‌ കണ്ടുവെന്നും ഒരു വിഐപിയാണ്‌ ദൃശ്യങ്ങൾ എത്തിച്ചതെന്നും വെളിപ്പെടുത്തലിലുണ്ട്‌. കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ്‌ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. അനിയൻ അനൂപ്‌ (പി ശിവകുമാർ), സഹോദരീഭർത്താവ് ടി എൻ സുരാജ് എന്നിവരും  മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News