നടിയെ ആക്രമിച്ച കേസ്‌: മെമ്മറി കാർഡ് പരിശോധിക്കണമെന്ന ഹർജി വിധിപറയാൻ മാറ്റി



കൊച്ചി> നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. അന്വേഷണം എങ്ങനെ വേണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അവകാശമാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി വ്യക്തമാക്കി. അന്വേഷണത്തിൽ കോടതികൾ പരിമിതമായേ ഇടപെടാറുള്ളൂ. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് കോടതിക്ക് പറയാനാകില്ല. വിദഗ്ധരാണ് അഭിപ്രായം പറയേണ്ടത്. പ്രതിഭാഗത്തിന് പ്രത്യേക അവകാശങ്ങളില്ല. മെമ്മറി കാർഡ് പരിശോധിച്ച് വ്യക്തത വരുത്തിയില്ലെങ്കിൽ മേൽക്കോടതികളിൽ പ്രതിഭാഗം അത്‌ അനുകൂല സാഹചര്യമായി അവതരിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക്‌ വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സർക്കാരിന്റെ ഹർജിയും കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന അതിജീവിതയുടെ ഹർജിയുമാണ് ജസ്റ്റിസ് ബച്ചു കുരിയൻ തോമസ് പരിഗണിച്ചത്. കേസിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെന്ന്‌ അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാർഡ് പരിശോധനയ്ക്ക്‌ അയക്കേണ്ടെന്ന വിചാരണക്കോടതിയുടെ നിലപാടിൽ തെറ്റുണ്ടെന്നും ഹൈക്കോടതി ഇടപെടണമെന്നും അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാർഡ് ഒരിക്കൽ പരിശോധിച്ചതാണെന്നും വീണ്ടും പരിശോധിക്കേണ്ടതില്ല എന്നുമായിരുന്നു പ്രതിഭാഗം വാദം. ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കോടതി വാദത്തിനിടെ ശാസ്ത്രീയ അഭിപ്രായം തേടിയിരുന്നു. Read on deshabhimani.com

Related News