നടിയെ ആക്രമിച്ച കേസ്‌: തുടരന്വേഷണത്തിന്‌ 13 അംഗ എസ്‌ഐടി



തിരുവനന്തപുരം > നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനായി 13 അം​ഗ സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം (എസ്‌ഐടി) രൂപീകരിച്ചു. ക്രൈംബ്രാഞ്ച്‌ മേധാവി എഡിജിപി എസ്‌ ശ്രീജിത്തി​ന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചത്. ക്രൈംബ്രാഞ്ച്‌ ആലപ്പുഴ ഡിവൈഎസ്‌പി ബൈജു പൗലോസാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ. അദ്ദേഹത്തെ എസ്‌ഐടി എസ്‌എച്ച്‌ഒ ആയി നിയോഗിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട്‌ നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്‌ പരിഗണിച്ചാണ്‌ തീരുമാനം. രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജിവച്ചതിലെ ആശങ്കയും നടി പങ്കുവച്ചു. ക്രൈംബ്രാഞ്ച്‌ സൗത്ത്‌ സോൺ ഐജി കെ പി ഫിലിപ്‌, തൃശൂർ സൂപ്രണ്ട്‌ കെ എസ്‌ സുദർശൻ, എറണാകുളം സെൻട്രൽ യൂണിറ്റ്‌ 2 എസ്‌പി എം ജെ സോജൻ, നെടുമ്പാശ്ശേരി എസ്‌എച്ച്‌ഒ പി എം ബൈജു, വിജിലൻസ്‌ ഇൻസ്‌പെക്ടർ ഗോപകുമാർ തുടങ്ങിയവരും സംഘത്തിലുണ്ട്‌. പ്രതിയായ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറും തുടരന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നൽകിയിരുന്നു. ബാലചന്ദ്രകുമാറിന്റെ 
രഹസ്യമൊഴി എടുക്കും നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാൻ എറണാകുളം സിജെഎം കോടതിയുടെ അനുമതി. അന്വേഷകസംഘത്തിന്റെ ആവശ്യം പരിഗണിച്ചാണിത്‌. അടുത്തദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തും. ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മറ്റൊരു പ്രതിയായ നടൻ ദിലീപ്‌ വീട്ടിൽവച്ച്‌ കണ്ടുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. സുനിലും ദിലീപും  അടുത്തബന്ധം ഉണ്ടായിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു. തുടർന്ന് കേസിൽ പൊലീസ് തുടരന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ അന്വേഷകസംഘം കോടതിയെ സമീപിച്ചത്‌. Read on deshabhimani.com

Related News