എഴുത്തുകാരനും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു



തിരുവനന്തപുരം> നടനും എഴുത്തുകാരനുമായ ബി ഹരികുമാർ (71) അന്തരിച്ചു. പോങ്ങുംമൂട് ബാപ്പുജി നഗർ- 201, ‘ഓമന’യിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അടൂർ ഭാസിയുടെ സഹോദരി ഓമനയുടെയും നൂറനാട് ഭാർഗവൻ പിള്ളയുടെയും മകനാണ്. നേരത്തെ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായ ഹരികുമാർ ഒരു വർഷമായി അസുഖബാധിതനായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. സിൻഡിക്കറ്റ് ബാങ്ക്‌ ഉദ്യോഗസ്ഥനായിരുന്നു. സംസാരത്തിലും  കാഴ്ചയിലും  അടൂർ ഭാസിയെ അനുസ്മരിപ്പിച്ചിരുന്നു ഹരികുമാർ. ദൂരദർശനുവേണ്ടി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയപാരമ്പര്യം ശക്തമായി നിലനിർത്തുന്നതായിരുന്നു ആ കഥാപാത്രങ്ങളെല്ലാം.  അടൂർ ഭാസി ഫലിതങ്ങൾ, ചിരിയുടെ തമ്പുരാൻ എന്നീ പുസ്തകങ്ങൾ അടൂർ ഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. താവളം, പകൽവിളക്ക്, മാരീചം, ചക്രവർത്തിനി, ഡയാന, കറുത്ത സൂര്യൻ, ഗന്ധർവൻ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം (നോവലുകൾ) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം ) എന്നിവയാണ് പ്രധാന കൃതികൾ. നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. സാഹിത്യരചനയ്ക്ക് മൂലൂർ അവാർഡ് ലഭിച്ചിട്ടുണ്ട്.  ഭാര്യ: കെ വി ശ്രീലേഖ. മകൻ: ഹേമന്ത് (ദുബായ്). മരുമകൾ: പാർവതി (ദുബായ്). ബി ഹരികുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. Read on deshabhimani.com

Related News