നാട്ടിലെ നാടകക്കൂട്ടായ്മയിലൂടെ സിനിമയിലെത്തിയ കലാകാരൻ



നെടുമ്പാശേരി> നെടുമ്പാശേരിയിലെ തുരുത്തിശേരിക്കാരനായ ഹരീഷ് പേങ്ങൻ നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. അച്ഛൻ കരുണാകരൻനായർ നടത്തിയിരുന്ന അത്താണിയിലെ ഹരിശ്രീ ഹോട്ടലിൽ ഒത്തുകൂടിയിരുന്ന നാടക കലാകാരൻമാർ രൂപീകരിച്ച സംഘവേദി ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അഭിനയമോഹം ജനിച്ചത്. 1995ൽ ടിപ് ടോപ് അസീസിന്റെ ഹാസ്യനാടകം ‘നിങ്ങൾക്കൊക്കെ ശാകുന്തളം മതി'യിൽ ഡിക്രൂസ് എന്ന സായിപ്പിന്റെ വേഷം അണിഞ്ഞാണ് ഹരീഷ്‌ അരങ്ങിലെത്തിയത്. ഈ കഥാപാത്രം ശകുന്തളയായും വേഷപ്പകർച്ച നടത്തി. ഹാസ്യ കഥാപാത്രങ്ങളായിരുന്നു അഭിനയിച്ചവയിലധികവും. നിരവധി സീരിയലുകളിലും അഭിനയിച്ചു. കായംകുളം കൊച്ചുണ്ണിയിലെ പേങ്ങൻ എന്ന കഥാപാത്രം ശ്രദ്ധേയമാണ്. ആ പേരിലാണ് ഹരീഷ്‌ പിന്നീട് സിനിമാമേഖലയിൽ അറിയപ്പെട്ടത്. മഹേഷിന്റെ പ്രതികാരം, ജാൻ എ മൻ, ജയ ജയ ജയ ജയഹേ, ജോ ആൻഡ്‌ ജോ, മിന്നൽ മുരളി, ഷെഫീക്കിന്റെ സന്തോഷം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നിരവധി പരസ്യചിത്രങ്ങളുടെയും ഭാഗമായി. അതിനിടയിലാണ് കരൾരോഗം ബാധിക്കുന്നത്. സമ്പാദ്യമൊന്നും ഇല്ലാതിരുന്നതിനാൽ ചികിത്സയ്ക്കായി നാട്ടുകാരും സിനിമാപ്രവർത്തകരും ധനസമാഹരണം നടത്തുന്നതിനിടയിലാണ് ഹരീഷ് പേങ്ങൻ യാത്രയായത്. Read on deshabhimani.com

Related News