ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു



കണ്ണൂർ > ഇരിട്ടി ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. ടൗണിന് സമീപത്തു വച്ചാണ് അപകടം. ബംഗ്ലൂരിൽ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർടിസി ബസ്സിലെ കണ്ടക്‌ട‌‌ർ കർണ്ണാടക സ്വദേശി പി പ്രകാശാണ് മരിച്ചത്. പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും വന്ന ബസ് ഉളിയിൽ ടൗണിന് സമീപത്തുള്ള ഹോട്ടലിൽ ചായ കുടിക്കാൻ വേണ്ടി നിർത്തിയതായിരുന്നു. ബസ്സിൽ നിന്നും കണ്ടക്‌ടർ ആദ്യം പുറത്തിറങ്ങി. ഉടനെ ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വന്ന കാർ ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. ഈ സമയം ബസ്സിൻ്റെ ഡ്രൈവറുടെ ഭാഗത്തിന് എതിർവശത്തുള്ള പുറക് വശത്തെ ടയറിന് സമീപത്ത് പുറത്ത് നിന്ന കണ്ടക്‌ടർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരിച്ചത്‌. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. കിലോമീറ്ററോളം നേരെയുള്ള റോഡിൽ ചെറിയ ഒരു വളവ് തുടങ്ങുന്നടുത്താണ് അപകടം നടന്നത്. ഉടൻതന്നെ പരിക്കേറ്റവരെ നാട്ടുകാരും ബസ്സിൽ ഉള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കണ്ടക്‌ടറുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു. ബംഗളൂരു ഡിപ്പോയിലേതാണ് ബസ്സ്. Read on deshabhimani.com

Related News