കോട്ടയത്ത്‌ വരിക്കാരുടെ എണ്ണത്തിൽ ദേശാഭിമാനി രണ്ടാമത്‌



കോട്ടയം> കോട്ടയം എഡിഷൻ പരിധിയിൽ വരിക്കാരുടെ എണ്ണത്തിൽ ദേശാഭിമാനി രണ്ടാമത്‌. കോട്ടയത്ത്‌ മൂന്നാമതുള്ള പത്രത്തേക്കാൾ 9787 കോപ്പി ദേശാഭിമാനിക്ക്‌ കൂടുതലുണ്ടെന്ന്‌ ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സർക്കുലേഷന്റെ (എബിസി) റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരിമുതൽ ജൂൺവരെയുള്ള കണക്കാണിത്‌. സംസ്ഥാനത്ത്‌ നാലാമതുള്ള ദിനപത്രത്തെക്കാൾ മൂന്നിരട്ടിയോളമാണ്‌ ദേശാഭിമാനിയുടെ വരിക്കാരുടെ എണ്ണം. കോവിഡ്‌ പ്രതിസന്ധിക്കിടയിലും ആകെ വരിക്കാരുടെ എണ്ണത്തിൽ 2019 ലേതിനേക്കാൾ 54,237 കോപ്പിയാണ്‌ ദേശാഭിമാനിക്ക്‌ കൂടിയത്‌. ഇക്കാലത്ത്‌ വളർച്ച രേഖപ്പെടുത്തിയ ഏക മലയാളപത്രവും ദേശാഭിമാനിയാണ്‌. തൊട്ടടുത്തുള്ള രണ്ടു പത്രങ്ങളുടെയും വരിക്കാരുടെ എണ്ണത്തിൽ ഇക്കാലത്ത്‌ ലക്ഷങ്ങളുടെ കുറവുണ്ടായി. വായനക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധന ദേശാഭിമാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എല്ലാ മേഖലകളിലുമെത്തുന്ന ദിനപത്രമായി ദേശാഭിമാനി മാറുന്നതായി എബിസി കണക്കുകളിൽനിന്ന്‌ മനസ്സിലാക്കാനാകും.  പത്ത്‌ എഡിഷനുകളാണ്‌ ദേശാഭിമാനിക്കുള്ളത്‌. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെട്ടതാണ്‌ കോട്ടയം എഡിഷൻ. കണ്ണൂർ എഡിഷൻ പരിധിയിലും ദേശാഭിമാനിയാണ്‌ രണ്ടാമത്‌. ദേശാഭിമാനിയുടെ 80–-ാം വാർഷികത്തോടനുബന്ധിച്ച്‌ വിപുലമായ പ്രചാരണ പരിപാടികളാണ്‌ സംസ്ഥാനത്തെമ്പാടും നടക്കുന്നത്‌.  പ്രചാരത്തിൽ രണ്ടാമതെത്താനുള്ള പ്രവർത്തനങ്ങളാണ്‌ മുന്നേറുന്നത്‌. ഇത്‌ പൂർത്തിയാകുന്നതോടെ വരിക്കാരുടെ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാകും. Read on deshabhimani.com

Related News