പൃഥ്വിരാജ്‌ ഫോർട്ടുകൊച്ചിയിൽ, ബ്ലെസി തിരുവല്ലയിലെ വീട്ടിൽ



കൊച്ചി ജോർദാനിലെ ‘ആടുജീവിതം’ പൂർത്തിയാക്കി മടങ്ങിയെത്തിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെട്ട 58 അംഗ സിനിമാസംഘം നാട്ടിൽ ക്വാറന്റൈൻ ജീവിതത്തിലേക്ക്‌. അടച്ചുപൂട്ടലിനെ തുടർന്ന്‌ ജോർദാനിൽ കുടുങ്ങിയ സംഘം എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്‌ച പുലർച്ചെ 4.45ഓടെ  നെടുമ്പാശേരിയിൽ എത്തി.  ഫോർട്ടുകൊച്ചിയിലെ ഹോട്ടലിലാണ്‌ പൃഥ്വിരാജിന്റെ ക്വാറന്റൈൻ. വിമാനത്താവളത്തിൽനിന്ന്‌ സ്വയം കാറാേടിച്ചാണ് ഫോർട്ടുകൊച്ചിയിലേക്ക് പോയത്. ബ്ലെസി തിരുവല്ലയിലെ വീട്ടിലാണ്‌. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം അവരവരുടെ ജില്ലകളിലേക്ക്‌ പോയി. യാത്ര പുറപ്പെടുംമുമ്പ്‌ പൃഥ്വിരാജും ബ്ലെസിയും ജോർദാനിലെ വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം ഇന്ത്യൻ എംബസി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. 187 യാത്രക്കാരാണ്‌ അമാനിൽനിന്ന്‌ പോന്ന എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്‌. ഡൽഹിയിൽ ഇറങ്ങിയശേഷമാണ്‌ വിമാനം കൊച്ചിയിൽ എത്തിയത്‌. ബെന്യാമിന്റെ കൃതിയെ ആധാരമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണത്തിന്‌ ഫെബ്രുവരി 29നാണ്‌ ഇവർ ജോർദാനിൽ പോയത്. മാർച്ച്‌ 16ന്‌ അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിച്ചില്ല. സ്ഥിതി മെച്ചപ്പെട്ടപ്പോൾ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങ് ഏറെക്കുറെ പൂർത്തിയാക്കി. സംഘത്തെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസഹായം അഭ്യർഥിച്ചിരുന്നു. Read on deshabhimani.com

Related News