അവസരവാദ രാഷ്ട്രീയനേതൃത്വത്തിന്റെ സങ്കലനമാണ്‌ യുഡിഎഫ്: എ വിജയരാഘവന്‍



കൊച്ചി യുഡിഎഫിന്റെ തകർച്ചയുടെ വേ​ഗം വർധിച്ചെന്ന് സിപി‌ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവൻ. യുഡിഎഫ്‌ രാഷ്ട്രീയം ജനതാൽപ്പര്യം പ്രതിനിധാനം ചെയ്യുന്നില്ല. അവസരവാദികളായ രാഷ്ട്രീയനേതൃത്വത്തിന്റെ സങ്കലനമാണത്. യുഡിഎഫിലെ മുഖ്യപാർടിയായ കോൺ​ഗ്രസ് വലിയ തകർച്ചയിലാണ്. മുസ്ലിംലീഗിനകത്തും തർക്കമാണ്. യുഡിഎഫ് ഇനിയും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ്‌ ഇവ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫിലെ നല്ലയാളുകൾ ഇടതുപക്ഷത്തേക്കെത്തുമെന്ന് തുടർഭരണം ലഭിച്ചപ്പോൾ സിപിഐ എം പറഞ്ഞിരുന്നു. അതാണ് സംഭവിക്കുന്നത്‌. ഉൾപ്പാർടി ജനാധിപത്യമില്ലെന്നാണ് പുറത്തുവന്നവർ പറയുന്നത്. സാധാരണ കോൺ​ഗ്രസുകാരന് അവിടെ വിലയില്ല. അവരുടെ വ്യക്തിത്വം അവഗണിക്കുകയാണ്. നിലപാടുള്ളവർക്ക് നിലനിൽപ്പില്ലാത്ത സാഹചര്യത്തിലാണ് നല്ലയാളുകൾ ഇടതുനയത്തിൽ ആകൃഷ്ടരായി ഇടതുമുന്നണിയിലേക്ക്‌ എത്തുന്നത്. പി‌ എസ് പ്രശാന്ത് കോൺഗ്രസ്‌ വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നപ്പോൾ പറഞ്ഞതാണ് കൂടുതൽപേർ ഇനിയും വരുമെന്ന്. ഇപ്പോൾ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിതന്നെ സിപിഐ എമ്മിനൊപ്പം വന്നിരിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിൽ ആർഎസ്എസ് മനസ്സുള്ളവരാണെന്നു പറഞ്ഞാണ് അദ്ദേഹം വന്നത്. ഇടതുപക്ഷത്തിന്റെ വ്യക്തമായ രാഷ്ട്രീയനിലപാടുകൾക്കുള്ള അംഗീകാരമാണിത്. ഈരാറ്റുപേട്ടയിൽ സിപിഐ എം, -എസ്ഡിപിഐ സഖ്യമാണെന്നു പറയുന്ന വി ഡി സതീശൻ നല്ല തമാശക്കാരനാണ്. ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ പ്രഖ്യാപിത നിലപാടുണ്ട്. വർഗീയചേരിയുമായി ഒരുതരത്തിലും സന്ധി ചെയ്യില്ല. ഈരാറ്റുപേട്ടയിൽ ഒരുവിധ സ്ഥാനവും നേടിയിട്ടില്ല. അവിശ്വാസപ്രമേയവും സ്ഥാനംവാങ്ങലും തമ്മിൽ വ്യത്യാസമുണ്ട്. അവിശ്വാസപ്രമേയം അധികാരം പിടിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News