കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള പാലമാണ്‌ ഹസ്സൻ: എ കെ ബാലൻ



സ്വന്തം ലേഖകൻ കോൺഗ്രസിനെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധിപ്പിക്കുന്ന പാലമാണ്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കെപിസിസി നിലപാട്‌ വ്യക്തമാക്കണം. യുഡിഎഫ്‌ കൺവീനർ ജമാഅത്തെ ഇസ്ലാമിയുടെ പതിപ്പാകുന്നു. കോൺഗ്രസും ലീഗും ഇപ്പോൾ ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടുന്ന ‘യുബിജെ മുന്നണി’യായെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന തിരിച്ചറിവിൽനിന്നാണ്‌ ഇത്തരം വർഗീയ കൂട്ടുകെട്ടുണ്ടാക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചിരിക്കുന്നത്‌. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി  കൂട്ടുകൂടുന്നതിൽ ലീഗ്‌ അണികളിൽ വലിയ അമർഷമുണ്ട്‌. ഒരിക്കലും ഇത്തരം തെരഞ്ഞെടുപ്പ്‌ കൂട്ടുണ്ടാകില്ല എന്നാണ്‌ മതനിരപേക്ഷവാദികളായ ലീഗ്‌ അണികൾ വിശ്വസിച്ചിരുന്നത്‌. പരസ്യമായി സഖ്യത്തിലേർപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ ഭയാനക ‌ തിരിച്ചടിയുണ്ടാകും. അതിൽ മുസ്ലിംലീഗിന്റെ സ്ഥിതി പരമ ദയനീയമാകും. ആർഎസ്‌എസിനെ കാണുന്നതുപോലെയാണ്‌ ജമാഅത്തെ ഇസ്ലാമിയെ സിപിഐ എം കാണുന്നത്‌. അവരുമായി ഒരുതരത്തിലുമുള്ള സഖ്യവും ഉണ്ടാക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു. Read on deshabhimani.com

Related News