മദർ തെരേസയുടെ കത്തും മാർപാപ്പയുടെ പ്രസംഗവും



കൊച്ചി സ്വന്തം ബോധ്യങ്ങളുടെ തീക്ഷ്‌ണതയായിരുന്നു ഫാ. എ അടപ്പൂരിന്റെ വാക്കുകളിലും അക്ഷരങ്ങളിലും. നിലപാടുകളിൽ അടിയുറച്ചുനിൽക്കുമ്പോഴും ഭേദചിന്തകളില്ലാത്ത സമഭാവനയിലൂടെ ആദരണീയൻ. ആധ്യാത്മികതയിൽമാത്രം ഒതുങ്ങിയില്ല. സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലും മുദ്രപതിപ്പിച്ചു. മദർ തെരേസയായിരുന്നു ജീവിതമാതൃക. സ്‌നേഹവും ബഹുമാനവും അവരെക്കുറിച്ചുള്ള ലേഖനം എഴുതുന്നതിൽ എത്തി. അക്കാര്യം അറിയിച്ചും ആവശ്യമായ വിവരങ്ങൾ തേടിയും കത്തെഴുതി. ചിത്രങ്ങൾ സഹിതമായിരുന്നു മദറിന്റെ മറുകുറി. ‘ഏഴകളുടെ തോഴികൾ’ എന്ന ലേഖനം മദറിന്‌ അയച്ചുകൊടുത്തു. മദറിന്‌ സന്തോഷമായി. ആഹ്ലാദവും കൃതജ്ഞതയും അറിയിച്ച്‌ അടപ്പൂരിന്‌ കത്തയച്ചു മദർ തെരേസ. നിധിപോലെ ആ കത്ത്‌ അച്ചൻ സൂക്ഷിച്ചു. റോമിലെ ഈശോസഭ സുപ്പീരിയർ ജനറൽ കൂരിയായിൽ റീജണൽ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. കൗൺസിലിന്റെ പ്രമേയങ്ങളും രേഖകളും അടപ്പൂരിലൂടെ കേരളം അറിഞ്ഞു. പോൾ ആറാമൻ മാർപാപ്പയുടെ പ്രസംഗത്തിൽ ഉപനിഷത്‌ വാക്യങ്ങൾ ഇടംപിടിച്ചതും അടപ്പൂരച്ചൻ വഴി. മുംബൈയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിലെ മാർപാപ്പയുടെ പ്രസംഗത്തിൽ ‘‘അസത്യത്തിൽനിന്ന്‌ സത്യത്തിലേക്കും അന്ധകാരത്തിൽനിന്ന്‌ പ്രകാശത്തിലേക്കും മൃത്യുവിൽനിന്ന്‌  അമർത്യതയിലേക്കും എന്നെ നയിച്ചാലും’’ എന്ന ഉപനിഷത്‌ വാക്യങ്ങൾ ചേർക്കാൻ നിർദേശിച്ചത്‌ ഫാ. അടപ്പൂരായിരുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അവരുടെ സ്വന്തം അവരാച്ചനായിരുന്നു. നിരന്തരം അറിവ്‌ തേടിയ ഫാ. അടപ്പൂർ, പഠനം ജീവിതവ്രതമാക്കി. മൂല്യങ്ങളെ മുറുകെ പിടിച്ചതിനൊപ്പം മൂല്യച്യുതികൾക്കെതിരെ പ്രതികരിച്ചു. നാലുപതിറ്റാണ്ട്‌ കലൂർ ല്യൂമെൻ ജ്യോതിസ്‌ ഇൻസ്‌റ്റിറ്റ്യൂട്ടായിരുന്നു കർമമണ്ഡലം. ന്യുമെൻ അസോസിയേഷന്റെയും സാരഥിയായി. ഇവിടം ബൗദ്ധികവെളിച്ചം തൂകുന്ന കേന്ദ്രമാക്കി അനേകർക്ക്‌ വഴികാട്ടി. 2020ൽ വിശ്രമജീവിതത്തിനായി കോഴിക്കോട്ടേക്ക്‌. ഇനിയൊരു മടങ്ങിവരവില്ലെന്ന വിഷമത്തിലാണ്‌ കൊച്ചിയിൽ ഫാ. അടപ്പൂരിനെ സ്‌നേഹിക്കുന്നവർ. Read on deshabhimani.com

Related News