വാളയാറിൽ കഞ്ചാവ് വേട്ട; ബി എം ഡബ്ല്യു കാറിൽ 65 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ



വാളയാർ> വാളയാർ അതിർത്തിയിൽ ആഡംബര കാറിൽ കടത്തിയ 65 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം (49), വയനാട് കൽപ്പറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് ഫാസിൽ (36) എന്നിവരെയാണ് വാളയാർ പൊലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ആന്ധ്രയിലെ, അരക്കുവാലിയിൽ നിന്നുമാണ് കഞ്ചാവ് കടത്തിയത്. ബി എം ഡബ്ല്യു കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് ചില്ലറ വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും. സംസ്ഥാനമൊട്ടുക്കും നടന്നു വരുന്ന പ്രത്യേക നർകോട്ടിക് ഡ്രൈവ് ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് കടത്ത് പിടികൂടിയത്.പിടിയിലായ കരീമിന് നിലവിൽ പാലക്കാട്, മലപ്പുറം ജില്ലകളിലായി ഏഴോളം മദ്യക്കടത്ത്, കഞ്ചാവ് കേസ്സുകൾ നിലവിലുണ്ട്. ഫാസിൽ തട്ടിപ്പ് കേസിൽ പ്രതിയുമാണ്. ജയിലിൽ വച്ചുള്ള പരിചയത്തിലാണ് ഇരുവരും  കഞ്ചാവ് കടത്തിനായി ഇറങ്ങിയത്. മധ്യ കേരളത്തിലെ കഞ്ചാവ് കച്ചവടക്കാർക്ക് മൊത്തമായി വിൽപ്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം അനിൽ കുമാർ, വാളയാർ എസ് ഐ ആർ രാജേഷ്, ഗ്രേഡ് എസ് ഐ ശശിധരൻ, സുജികുമാർ, ഷൈനി, സി പി ഒ രവീഷ്, സാബു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ജലീൽ, ടി ആർ സുനിൽകുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ അഹമ്മദ് കബീർ, എസ് ഷനോസ്, ആർ രാജീദ്, എസ് ഷമീർ, ടിഐ ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. Read on deshabhimani.com

Related News