5 ജി തരാം; പക്ഷേ ഫോൺ ഞങ്ങളിങ്ങെടുക്കുവാ



കൊച്ചി ‘നിങ്ങളുടെ 4 ജി ഫോണിൽ 5 ജി കണക്‌ഷൻ വേണോ? ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ ഈ ആപ്ലിക്കേഷൻ ഇൻസ്‌റ്റാൾ ചെയ്‌താൽ മതി.’ ഇത്തരം സന്ദേശങ്ങൾ ഫോണിൽ ലഭിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. റിമോട്ട്‌ ആക്സസ്‌ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ ഫോൺവിവരങ്ങൾ ചോർത്താനുള്ള ചൂണ്ടയാണ്‌ ഇത്തരം സന്ദേശങ്ങൾ. ക്ലിക്ക്‌ ചെയ്താൽ ഫോൺ തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. നിങ്ങളുടെ ഫോണിലെ ഫോട്ടോകളും വീഡിയോകളും ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌വേഡുമെല്ലാം തട്ടിപ്പുകാരന്റെ കൈയിലെത്തും. റിമോട്ട്‌ ആക്സസ്‌ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ പണംതട്ടുന്ന കേസുകൾ വർധിക്കുന്നതായി കൊച്ചി സിറ്റി സൈബർ പൊലീസ്‌ ഇൻസ്‌പെക്ടർ കെ ജെ തോമസ്‌ പറഞ്ഞു. കഴിഞ്ഞവർഷം ഇരുനൂറോളം പരാതികൾ ലഭിച്ചു. എനി ഡെസ്‌ക്, ടീം വ്യൂവർ തുടങ്ങിയ റിമോട്ട്‌ ആക്സസ്‌ സോഫ്‌റ്റ്‌വെയറുകൾവഴിയാണ്‌ ഫോണിലെ വിവരങ്ങൾ ചോർത്തുന്നത്‌. ഫോൺ 5 ജി ആക്കാമെന്നു പറഞ്ഞ്‌ ആപ്ലിക്കേഷനുകൾ ഇൻസ്‌റ്റാൾ ചെയ്യിപ്പിച്ച്‌ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ ഒന്നരലക്ഷം രൂപവരെ നഷ്ടമായ കേസുകൾ സൈബർ സുരക്ഷാ ഏജൻസികൾക്കുമുന്നിലുണ്ട്‌. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്‌ 50,000 രൂപയാണ്‌ കെഎസ്‌ഇബിയുടെ പേരുപറഞ്ഞ്‌ തട്ടിപ്പിൽ നഷ്ടമായത്‌. ബിൽ അടച്ചത്‌ അപ്‌ഡേറ്റായിട്ടില്ലെന്നും ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും ഫോണിൽ സന്ദേശം വന്നു. അതിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ‘വെൽക്കം ടു കെഎസ്‌ഇബി’ എന്ന ശബ്‌ദസന്ദേശത്തോടെ കോൾ കണക്ടായി. കെഎസ്‌ഇബി ഉദ്യോഗസ്ഥനാണെന്ന്‌ ഇംഗ്ലീഷിൽ പരിചയപ്പെടുത്തിയയാൾ ലിങ്ക്‌ അയച്ചുതന്നു. ഇത്‌ പുതിയ ആപ്ലിക്കേഷനാണെന്നും ഇൻസ്‌റ്റാൾ ചെയ്‌താൽ ബിൽ അപ്‌ഡേറ്റാകുമെന്നും വിശ്വസിപ്പിച്ചു. ലിങ്ക്‌ ഇൻസ്‌റ്റാളായതോടെ നഴ്‌സിന്റെ ബാങ്ക്‌ അക്കൗണ്ടിന്റെ യൂസർ ഐഡിയും പാസ്‌വേഡും മനസ്സിലാക്കി. തുടർന്ന്‌ അക്കൗണ്ടിലുള്ള 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. Read on deshabhimani.com

Related News