കള്ളുഷാപ്പ് കരാറുകാരിൽനിന്ന്‌ കൈക്കൂലി: പാലക്കാട്ടെ 14 എക്‌‌സൈസ്‌ ഉദ്യോഗസ്ഥർക്ക്‌ സസ്‌‌പെൻഷൻ



തിരുവനന്തപുരം> പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയിഡിൽ 10 ലക്ഷം രൂപ പിടികൂടി സംഭവത്തിൽ എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദന്റെ നിർദേശപ്രകാരം 14 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്‌തു.   പാലക്കാട്‌  ഡപ്യൂട്ടി എക്‌സൈസ്‌ കമീഷണർ എം എം നാസർ,  എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇഇ ആൻഡ്‌ എഎൻഎസ്എസ് എസ് സജീവ്, ചിറ്റൂർ ഇസിഒ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  കെ അജയൻ, ചിറ്റൂർ ഇസിഒ എക്‌സൈസ് ഇൻസ്‌പെക്ടർ  ഇ രമേഷ്, പാലക്കാട് ഇഐ ആൻഡ്‌ ഐബി  എഇഐ  സെന്തിൽകുമാർ, പാലക്കാട്  ഡിവിഷൻ ഓഫീസ്‌ അന്റൻഡന്റ്‌ നൂറുദ്ദീൻ, പാലക്കാട് ഡിവിഷൻ ഓഫീസ് പ്രിവന്റീവ് ഓഫീസർ എ എസ് പ്രവീൺകുമാർ, പാലക്കാട് ഡെപ്യൂട്ടി ഡിവിഷണൽ ഓഫീസ്‌ സി ഇ ഒ സൂരജ്, എഇഐ(ജി) പി സന്തോഷ് കുമാർ, പാലക്കാട് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ് പ്രിവന്റീവ് ഓഫീസർ മൻസൂർ അലി, ചിറ്റൂർ ഇസിഒയിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനായകൻ, ശശികുമാർ, പാലക്കാട്‌ ഇഐ ആൻഡ്‌  ഐബി പ്രിവന്റീവ് ഓഫീസർ പി ഷാജി, ചിറ്റൂർ റേഞ്ച്‌ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്യാംജിത്ത്‌ എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. രണ്ടാഴ്‌ച മുമ്പ്‌ പാലക്കാട്‌ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസ്‌ നടത്തിയ റെയിഡിൽ  അറ്റൻഡന്റായ നൂറുദ്ദീനിൽ നിന്ന് 2,24,000  രൂപ പിടികൂടിയിരുന്നു. കള്ളുഷാപ്പ് കരാറുകാരിൽ നിന്ന് തുക വാങ്ങുന്നതിനിടെയാണ് നൂറുദ്ദീൻ പിടിയിലായത്. കള്ളുഷാപ്പ് കരാറുകാർ ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്ന് 7,99,600 രൂപയും കണ്ടെടുത്തിരുന്നു. തുടർന്ന്‌ നൂറുദീനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീസ്, സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, പാലക്കാട് ഇഐ ആൻഡ് ഐബി ഓഫീസ്, പാലക്കാട് സർക്കിൾ ഇൻസ്‌പെക്ടർ, ചിറ്റൂർ എക്‌സൈസ് ഇൻസ്‌പെക്ടർ, ചിറ്റൂർ റേഞ്ച് എന്നിവിടങ്ങളിൽനിന്ന്‌ പണം നൽകിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും കണ്ടെടുത്തു. പാലക്കാട് ഡിവിഷൻ ഓഫീസിലെ സന്തോഷ്, റേഞ്ച് ഓഫീസിലെ ശ്യാംജിത്ത് എന്നിവരുടെ ഫോൺ നമ്പരും പണംനൽകിയവരുടെ പട്ടികയിലുണ്ടായിരുന്നു.. പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീസിലും മറ്റ് ഓഫീസുകളിലും വൻ അഴിമതിയാണ് നടക്കുന്നതെന്ന്‌  അന്വേഷണ റിപ്പോർട്ടും വ്യക്തമാക്കിയതിനെ തുടർന്നാണ്‌ ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ ഉൾപ്പെടെയുള്ള 14 ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്‌തത്‌. Read on deshabhimani.com

Related News