ബ്ലോക്ചെയിൻ പരിശീലനം അപേക്ഷക്ഷണിച്ചു



ഏറെ തൊഴിൽ സാധ്യതയുള്ള ആധുനിക വിവരസാങ്കേതികവിദ്യാ മേഖലയായ ബ്ലോക്ചെയിനിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ‐ഡിസ്ക്) നടത്തുന്ന പരിശീലന പദ്ധതിയുടെ നാലാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കോംപീറ്റൻസി ഡവലപ്മെന്റ് (എബിസിഡി) എന്ന പേരിൽ ഇന്ത്യയിലാദ്യമായി നടപ്പാക്കിയ കോഴ്സ് വിജയകരമായി പൂർത്തിയാക്കി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാൻ ഐടി കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഐബിഎസ്, ഫയ ഇന്നവേഷൻസ്, യുവിയോണിക്സ്ടെക്, മൊസാന്റാ ടെക്നോളജീസ്, ലോഗിഡോട്സ് ടെക്നോളജീസ് തുടങ്ങിയവയാണ് നിയമനത്തിന് മുന്നോട്ടുവന്നത്. കൂടുതൽ കമ്പനികൾ  താൽപര്യം പ്രകടിപ്പിച്ചതിനാലാണ് നാലാമതും അപേക്ഷ ക്ഷണിച്ചത്. എൻജിനിയറിങ് ഡിപ്ലോമക്കാർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ജോലിയുള്ളവർക്ക് വാരാന്ത്യപരിശീലനം ലഭ്യമാക്കും. രണ്ട് ഭാഗമായുള്ള സർട്ടിഫിക്കേഷനാണ് പരിശീലനത്തിലൂടെ നൽകുന്നത്. ഫുൾ‐സ്റ്റാക് ഫൗണ്ടേഷൻ സ്കിൽ സർടിഫിക്കറ്റും ഇന്റർമീഡിയറ്റ് തലത്തിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യാ സർടിഫിക്കറ്റും. ഫുൾസ്റ്റാക്കിന് 124 മണിക്കൂർ ദൈർഘ്യമുണ്ട്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐസിടി അക്കാദമിയാണ്  കോഴ്സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ബ്ലോക്ചെയിൻ പരീശീലനം മൂന്നു മൊഡ്യൂളുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഐഐഐടിഎം‐കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്ചെയിൻ അക്കാദമിയാണ് ഇത് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, കംപ്യൂട്ടർ സയൻസ് ബേസിക്സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷൻ സ്കിൽ ട്രെയിനിങ് പ്രോഗ്രാമിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അടുത്ത പ്രവേശന പരീക്ഷ ജനുവരി അഞ്ചിന് നടത്തും. പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് 70 ശതമാനം ഫീസിളവുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 30. വിശദവിവരങ്ങൾക്ക്: 04712700813, 8078102119. https://abcd.kdisc.kerala.gov.in/blockchainjobs/   Read on deshabhimani.com

Related News