വേണ്ടത് അക്ഷീണപരിശ്രമം



ബാങ്കിങ് വളരെയേറെ മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ്. കണക്കുപുസ്തകങ്ങളില്‍നിന്ന് കംപ്യൂട്ടറുകളിലേക്ക് ബാങ്ക് കൌണ്ടറുകള്‍ മാറിയിട്ട് ദശാബ്ദം പിന്നിട്ടു. ഇപ്പോള്‍ ഡിജിറ്റല്‍ ബാങ്കിങ്, ഫിന്‍ടെക് ബാങ്കിങ്, ഓണ്‍ലൈന്‍ വായ്പ തുടങ്ങി നിരവധി സാങ്കേതികവിപ്ളവം നടക്കുന്ന മേഖലയായി ബാങ്കിങ് മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം യഥാര്‍ഥത്തില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്നതാണ്. ക്ളറിക്കല്‍ (ഇപ്പോള്‍ അസോസിയേറ്റ്, അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് സ്റ്റാഫ്്) ഓഫീസര്‍ (അസിസ്റ്റന്റ് മാനേജര്‍) വിഭാഗങ്ങളിലാണ് ബാങ്കുകളില്‍ ജോലിപ്രവേശനം ലഭിക്കുന്നത്. ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നവരാണ് പിന്നീട് ബാങ്ക് ചെയര്‍മാനും ചിലപ്പോള്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറും ഒക്കെ ആകുന്നത്. എന്നാല്‍, സീനിയോറിറ്റിയല്ല സ്ഥാനക്കയത്തിനുള്ള മാനദണ്ഡം. അത് സര്‍വതോന്മുഖമായ ബിസിനസ് വളര്‍ച്ചയും ചട്ടങ്ങള്‍ പാലിക്കുന്നതിലുള്ള കണിശതയും നിരന്തരപഠനവുമാണ്. മിക്ക ബാങ്ക് പരീക്ഷകളും നടത്തുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (കആജട) ആണ്. പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളും ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. ചില സ്വകാര്യബാങ്കുകളും ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന പരീക്ഷ നടത്തുന്നുണ്ട്. പ്രിലിമിനറി പരീക്ഷയില്‍ മൂന്ന് വിഷയങ്ങളാണുള്ളത്. ഒന്ന്, ടെസ്റ്റ് ഓഫ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്. ഇതില്‍ മനക്കണക്ക് കൊണ്ട് പെട്ടെന്ന് ഉത്തരം കണ്ടെത്താനുള്ള കഴിവാണ് അളക്കുന്നത്. രണ്ട്. ടെസ്റ്റ് ഓഫ് റീസണിങ്. കാര്യങ്ങള്‍ വിവേചിച്ചറിയാനുള്ള മാനസിക കഴിവുകള്‍ അളക്കാനുള്ള പരീക്ഷയാണ്. വിവിധരൂപങ്ങളോ സംഖ്യകളോ ക്രമങ്ങളോ തന്ന് അതില്‍നിന്ന് അനുക്രമമായവ, അല്ലെങ്കില്‍ ഒറ്റപ്പെട്ടവ എന്നിവ കണ്ടെത്തുക എന്നതെല്ലാം ഇതില്‍ വരും. മൂന്ന്. ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം. ഇംഗ്ളീഷില്‍ സാമാന്യമായ ആശയവിനിമയം തെറ്റുകൂടാതെ നടത്താനുള്ള കഴിവാണ് നോക്കുന്നത്. മെയിന്‍ പരീക്ഷയ്ക്ക് ഇതേ വിഷയങ്ങള്‍ വീണ്ടുമുണ്ട്. കൂടാതെ രണ്ട് വിഷയങ്ങള്‍ അധികവും. നാല്. ടെസ്റ്റ് ഓഫ് ജനറല്‍ അവയര്‍നെസ്. സാമൂഹ്യ, സാമ്പത്തിക, ബാങ്കിങ്, വാണിജ്യരംഗങ്ങളില്‍ ദൈനംദിനം അറിവ് നേടുന്നുണ്ടോ എന്നതാണ് ഈ പരീക്ഷ. അഞ്ച്. ടെസ്റ്റ് ഓഫ് കംപ്യൂട്ടര്‍ അവയര്‍നെസ്.  കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍, അവയുടെ ഉപയോഗം, കീബോര്‍ഡ് ഷോര്‍ട് കട്സ്, ഓപ്പറേറ്റിങ് സിസ്റ്റം, അപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍, വൈറസ് നിരോധനം, സൈബര്‍ സെക്യൂരിറ്റി തുടങ്ങി ഹൈസ്കൂള്‍ തലത്തിലുള്ള കാര്യങ്ങളാണ് നോക്കുന്നത്. പ്രിലിമിനറിക്ക് 60 മിനിറ്റില്‍ നൂറ് ഉത്തരങ്ങളാണ് നല്‍കേണ്ടത്. മൂന്ന് വിഷയങ്ങള്‍ക്കും പ്രത്യേകം സമയക്രമമില്ല. മെയിന്‍ പരീക്ഷക്ക് അഞ്ച് വിഷയങ്ങളും പ്രത്യേകം നിശ്ചയിച്ച സമയത്തില്‍ ചെയ്തുതീര്‍ക്കണം. രണ്ടിനും നെഗറ്റീവ് മാര്‍ക്കുണ്ട്. Read on deshabhimani.com

Related News