പാര്‍ട്ടൈം ശാന്തി: അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങി



തിരുവനന്തപുരം > തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പാര്‍ട്ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനത്തിന് അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങി. 2017 ആഗസ്ത് 23ന് നിലവില്‍വന്ന റാങ്ക്ലിസ്റ്റില്‍നിന്നാണ് നിയമനം. പാര്‍ട്ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഒഎംആര്‍ പരീക്ഷ നടത്തി 441 ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ഇവരില്‍നിന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. മെയിന്‍ ലിസ്റ്റില്‍ 377 പേരും സപ്ളിമെന്ററി ലിസ്റ്റില്‍നിന്ന് 47 പേരും ഉള്‍ക്കൊള്ളുന്നതാണ് റാങ്ക്ലിസ്റ്റ്. ഈ റാങ്ക്ലിസ്റ്റില്‍നിന്ന് സംവരണതത്ത്വം പാലിച്ചാണ് നിയമനമെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ഇതിനുമുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ രണ്ടാം ആനശേവുകം തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവ നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിലവിലുണ്ടായിരുന്ന 14 ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ശുപാര്‍ശയും ചെയ്തു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിക്കാനും സൂക്ഷ്മപരിശോധനയ്ക്കും തുടര്‍നടപടികള്‍ക്കുമായി 'സിഡാക്കു'മായി സഹകരിച്ച് നടപ്പാക്കുന്ന വെബ്പോര്‍ട്ടല്‍ രൂപീകരണം അന്തിമഘട്ടത്തിലാണ്. ലക്ഷക്കണക്കിന് അപേക്ഷ അനായാസം കൈകാര്യം ചെയ്യുന്നതിന് ഈ വെബ്പോര്‍ട്ടല്‍ ഉപകരിക്കും. Read on deshabhimani.com

Related News